തൊഴിലില്ലായ്മ വേതനം സർക്കാരിൽ നിന്ന് എങ്ങനെ നേടാം? ഇതാ സമ്പൂര്‍ണ്ണ വിവരങ്ങൾ.. അർഹതയുള്ളവർക്ക് ഉപകാരപ്പെടട്ടെ..

തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ക്ക് ചെറിയൊരു സഹായമെന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍രഹിത വേതനം നല്‍കുന്നത്. 120 രൂപയാണ് പ്രതിമാസം ലഭിക്കുക.

അര്‍ഹത

18-നും 35-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് തൊഴില്‍ രഹിത വേതനത്തിനായി അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 12,000 രൂപയിലും വ്യക്തിഗത പ്രതിമാസ വരുമാനം 100 രൂപയിലും അധികമാകരുത്. മൂന്നു വര്‍ഷം എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ സീനിയോറിറ്റി വേണം. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാത്തതിനാല്‍ രജിസ്‌ട്രേഷന്‍ റദ്ദായാല്‍ പുനർ രജിസ്‌ട്രേഷന്‍ കഴിഞ്ഞ് മൂന്നു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കണം.

വിദ്യാഭ്യാസ യോഗ്യത

എസ്.എസ്.എല്‍.സി. പാസായിരിക്കണം. പിട്ടികജാതി/പട്ടികവര്‍ഗ/വികലാംഗ വിഭാഗക്കാരെ സ്‌കൂളില്‍ പഠിച്ച് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഹാജരായാലും പരിഗണിക്കാം.

അപേക്ഷ

ഗ്രാമപ്പഞ്ചായത്ത്/നഗരസഭ സെക്രട്ടറി എന്നിവര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇതിൽ തീരുമാനം എടുക്കാനുള്ള അവകാശം ഇവര്‍ക്കാണ്. അപേക്ഷ ലഭിച്ച് അടുത്ത മാസം മുതലാണ് വേതനത്തിന് അര്‍ഹത.

നിശ്ചിത ഫോമിലുള്ള അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി. ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, സ്ഥിരതാമസം സംബന്ധിച്ച രേഖ, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, വികലാംഗരാണെങ്കില്‍ വികലാംഗ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കേണ്ടതാണ്.

നിർദേശങ്ങള്‍

തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ലഭിച്ചവര്‍ക്ക് തൊഴില്‍രഹിത വേതനത്തിന് അര്‍ഹതയില്ല. തുടര്‍ച്ചയായി രണ്ടുതവണ വേതനം കൈപ്പറ്റാതിരുന്നാല്‍ വേതനം റദ്ദാക്കും. കൂടാതെ, കളക്ടര്‍ക്ക് അപേക്ഷ നല്‍കി അത് കണ്‍ഡോണ്‍ ചെയ്യാവുന്നതും വേതനം പുനഃസ്ഥാപിക്കാവുന്നതുമാണ്. താമസം മാറിയാല്‍ പുതിയ താമസസ്ഥലം ഉള്‍പ്പെടുന്ന തദ്ദേശഭരണ സ്ഥാപനത്തില്‍ ഒരു മാസത്തിനകം അപേക്ഷ നല്‍കേണ്ടതാണ്. കല്യാണം കഴിഞ്ഞുപോയവര്‍ക്കും ഇത് ബാധകമാണ്. സംസ്ഥാനത്ത് സ്ഥിര താമസക്കാരല്ലാതാകുമ്പോഴും വരുമാനം പരിധിയില്‍ കവിയുമ്പോഴും വേതനത്തിനുള്ള അര്‍ഹത നഷ്ടപ്പെടും.

പുതുതായി അപേക്ഷിക്കുന്നവരുടെ അപേക്ഷയോടൊപ്പം ബാങ്ക് പാസ് ബുക്കിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പുകളും നമ്പരുകളും ആവശ്യമാണ്.

Leave a Comment