മദ്യപാനം നിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ ? എങ്കില്‍ ഇതാ ഒരു ഉഗ്രന്‍ വഴി.. !!

ആല്‍ക്കഹോളിസം ബാധിതരുടെ കുടുംബാംഗങ്ങള്‍, പ്രത്യേകിച്ച് ഭാര്യമാര്‍, രോഗിയെ മദ്യത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് സാധാരണമാണ്. സ്നേഹവും സാമാന്യബുദ്ധിയും മാത്രം കൈമുതലാക്കിയുള്ള ഇത്തരം പ്രയത്നങ്ങള്‍ പക്ഷെ പലപ്പോഴും ഫലപ്രദമാകാറില്ലെന്നു മാത്രമല്ല, ചിലപ്പോഴെങ്കിലും രോഗിയുടെ മദ്യപാനം വഷളാവുന്നതിനു വഴിവെക്കാറുമുണ്ട്. ഈ രോഗികളോട് എങ്ങനെ ഇടപഴകണം, ചികിത്സയെടുക്കാനും മദ്യപാനം നിര്‍ത്താനും അവരെ എങ്ങനെ പ്രേരിപ്പിക്കാം, തങ്ങളുടെ മനസ്സമാധാനം വീണ്ടെടുക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാം തുടങ്ങിയ വിഷയങ്ങളില്‍ ഈ മേഖലയിലെ വിദഗ്ദ്ധര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നു പരിചയപ്പെടാം.

തങ്ങളുടെ മദ്യപാനത്തിന്റെ ഗൌരവത്തെ വല്ലാ‍തെ കുറച്ചു കാണുക എന്നത് ഈ രോഗികളുടെ മുഖമുദ്രയായതിനാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് പലപ്പോഴും പ്രശ്നം തങ്ങളുടെ ഇടപെടല്‍ ആവശ്യമുള്ളത്ര ഗുരുതരമാണോ എന്നു നിശ്ചയിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇടക്കെപ്പോഴെങ്കിലുമുള്ള നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു രോഗമായി ഗണിക്കുന്നില്ല. എന്നാല്‍ കൌമാരപ്രായക്കാരും, ആല്‍ക്കഹോളിസം വ്യാപകമായ കുടുംബങ്ങളില്‍ നിന്നുള്ളവരും, മദ്യം മൂലം വഷളായേക്കാവുന്ന ശാരീരികമോ മാനസികമോ ആയ അസുഖങ്ങളുള്ളവരും, ഗര്‍ഭിണികളും മദ്യം പൂര്‍ണമായും വര്‍ജിക്കുന്നതാണു നല്ലത്.

മദ്യമുപയോഗിച്ചില്ലെങ്കില്‍ കൈവിറയല്‍, ഉറക്കമില്ലായ്മ തുടങ്ങിയ പിന്മാറ്റ അസ്വാസ്ഥ്യങ്ങള്‍ തലപൊക്കുക‍, ലഹരിയനുഭവിക്കാന്‍ പഴയതിലും കൂടുതല്‍ മദ്യമുപയോഗിക്കേണ്ടി വരിക, മദ്യപാനം കാരണം ജോലിയോ മറ്റ് ഉത്തരവാദിത്തങ്ങളോ ശരിയായി നിര്‍വഹിക്കാന്‍ പറ്റാതെ വരിക, കഴിക്കുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതെ വരിക, മദ്യത്തെ ചുറ്റിപ്പറ്റി വളരെയധികം സമയം പാഴാകുന്ന സ്ഥിതിയുണ്ടാവുക, കുടിയല്ലാതെ മറ്റൊരു നേരമ്പോക്കുമില്ലാത്ത അവസ്ഥയുണ്ടാവുക തുടങ്ങിയവ മദ്യപാനം ചികിത്സയാവശ്യമുള്ള ഒരു രോഗമായി വളര്‍ന്നു എന്നതിന്റെ സൂചനകളാണ്. മദ്യപാ‍നം ശാരീരികമോ മാനസികമോ നിയമപരമോ സാമൂഹികമോ ആയ പ്രശ്നങ്ങള്‍ക്കു വഴിവെക്കാന്‍ തുടങ്ങുന്നതും ഗൌരവത്തിലെടുക്കേണ്ടതാണ്.

സൈക്ക്യാട്രിസ്റ്റുമാര്‍, അഡിക്ഷന്‍ കൌണ്‍സിലര്‍മാര്‍ തുടങ്ങിയവരോട് സംസാരിക്കുക. ഇതൊരു ദുശ്ശീലമല്ല, രോഗമാണ് എന്ന തിരിച്ചറിവ് മദ്യപാനിയെ ഒരു പുതിയ കാഴ്ചപ്പാടില്‍ കാണാനും നാണക്കേടും കുറ്റബോധവും കുറയാനും സഹായിക്കും. മദ്യപാനം പെട്ടെന്നു നിര്‍ത്താന്‍ ‍പാടില്ല, ചികിത്സയെടുത്ത് കുടി നിര്‍ത്തിയാല്‍ ‍പിന്നീടെപ്പോഴെങ്കിലും മദ്യം തൊട്ടാല്‍ ‍ഭ്രാന്തായിപ്പോകും തുടങ്ങിയ അബദ്ധധാരണകള്‍ ‍തിരുത്തപ്പെടാനും, രോഗിയുടെ മറുവാദങ്ങളോട് വസ്തുനിഷ്ഠമായി പ്രതികരിക്കാനാവാനും ഈ അറിവുസമ്പാദനം ഉപകരിക്കും. ആല്‍ക്കഹോളിക്സ് അനോണിമസ് മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നത് ഇതു തന്റെ കുടുംബത്തിന്റെ മാത്രം പ്രശ്നമല്ലെന്നു ബോദ്ധ്യപ്പെടാനും, ആല്‍ക്കഹോളിസത്തെ അതിജീവിച്ചവരെ പരിചയപ്പെടാനും, അതുവഴി നിങ്ങളുടെ ആത്മവിശ്വാസം മെച്ചപ്പെടാനുമൊക്കെ സഹായിക്കും. ആള്‍ക്കഹോളിസം ബാധിതരുടെ കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ അല്‍ – ആനോണിന്റെ മീറ്റിങ്ങുകള്‍ നിങ്ങളുടെ പ്രദേശത്തു നടക്കാറുണ്ടെങ്കില്‍ അവ ഒഴിവാക്കാതിരിക്കുക.

1 മദ്യപാനം അമിതമാണെന്ന് അംഗീകരിക്കുക. പലരും ഇതിനെ ലഘൂകരിച്ചുകാണാന്‍ ശ്രമിക്കുന്നു. കാരണം അതാണല്ലോ മനസ്സിന് ആശ്വാസം നല്കുന്നത്. ”ഞാന്‍ അങ്ങനെയൊന്നും കുടിക്കാറില്ല” എന്നത് മനസ്സ് പയറ്റുന്ന ഒരു പ്രതിരോധ തന്ത്രമാണ്. മദ്യപാനം അമിതമാണെന്ന യഥാര്‍ഥ്യം അംഗീകരിച്ചാല്‍ മാത്രമേ കുടിനിര്‍ത്തണം എന്ന ചിന്തയുണ്ടാകൂ.

2. മദ്യപാനം സിറോസിസ് എന്ന മരണത്തലേക്കെത്തുന്ന അസുഖത്തിന് കാരണമാകുന്നുവെന്ന യാഥാര്‍ഥ്യവും അംഗീകരിക്കുക. സാധാരണ മരണമല്ല വര്‍ഷങ്ങളോളം രോഗബാധിതനായി കിടക്കേണ്ടിവരുന്നു. ഓര്‍മകള്‍ നശിച്ച് ഉറ്റവരെയും ഉടയവരെയും തിരിച്ചറിയാനാകാതെ വഴിയില്‍ അലഞ്ഞു തിരിയുന്ന ഒരുവസ്ഥയ്ക്കും മദ്യം കാരണമാകുന്നുവെന്ന യാഥാര്‍ഥ്യവും അംഗീകരിക്കുക. യഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുന്നത് മനഃസമാധാനം കളയും എന്നുള്ളത് കൊണ്ട് ഈ യാഥാര്‍ഥ്യങ്ങളെ നിഷേധിക്കാനോ ഉലിശമഹഅവയില്‍ നിന്ന് ഒളിച്ചോടാനോ ഉള്ള വാസന ഉണ്ടെന്നത് ശ്രദ്ധിക്കുക. മദ്യപാനത്തിന് സാഹചര്യങ്ങളെ കുറ്റപ്പെടുത്തുന്നതും യാഥാര്‍ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.

3.യഥാര്‍ഥ്യങ്ങള്‍ ഒരിക്കല്‍ അംഗീകരിച്ചാല്‍ മദ്യപാനം നിര്‍ത്തുന്നതിനുള്ള തീരുമാനം എടുക്കുക. തുടര്‍ന്ന് ഒരു സൈക്യാട്രിസ്റ്റിനെ കാണുക. കാരണം മദ്യംപെട്ടെന്ന് ശരീരത്തില്‍ ചെല്ലാതായാല്‍ വിറയലും മറ്റും അനുഭവപ്പെട്ടേക്കാം. ഇത് ഒഴിവാക്കാന്‍ മരുന്നുകള്‍ ആവശ്യമാണ്. മാത്രമല്ല മദ്യപാനം പെട്ടെന്നു നിര്‍ത്തുമ്പോള്‍ മറ്റു പല അസ്വസ്ഥതകളും ഉണ്ടായേക്കാം. ഇതുകൊണ്ടാണ് പലരും ഒരിക്കല്‍ നിറുത്തിയതിനുശേഷം വീണ്ടും മദ്യം കഴിക്കുന്നത്; എന്നാല്‍, ഈ അസ്വസ്ഥതകളെ ഒഴിവാക്കാന്‍ മരുന്നുകള്‍ക്കും സാധിക്കും. അതുകൊണ്ട് തുടര്‍ന്നു കുടിക്കണം എന്ന തോന്നല്‍ ഉണ്ടാവുകയില്ല.

4. മദ്യപാനം മൂലം ശരീരത്തിലുണ്ടായിട്ടുള്ള മാലിന്യങ്ങള്‍ മുഴുവന്‍ കഴുകിപ്പോകാന്‍ ഒരാഴ്ച സമയമെടുക്കും. ഈ സമയം മാലിന്യങ്ങള്‍ ഒഴുക്കിക്കളയുന്ന മരുന്ന്, വൈറ്റമിന്‍ ബി, വിശ്രമം, നല്ല ആഹാരം, ധാരാളം വെള്ളം എന്നിവയെല്ലാം വേണം. ഈ ചികിത്സയില്‍ വൈദഗ്ധ്യം നേടിയിട്ടുള്ളത് സൈക്യാട്രിസ്റ്റുകളാണ്. ചികിത്സയുടെ ഈ ഘട്ടത്തെ Detoxification എന്നു പറയുന്നു.

5. ഒരിക്കല്‍ രോഗി ഈ ഘട്ടം തരണം ചെയ്താല്‍ വീണ്ടും മദ്യപാനം തുടങ്ങാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആവശ്യമാണ്. പ്രതിരോധം ചികിത്സയെക്കാള്‍ ഭേദം എന്നത് വൈദ്യശാസ്ത്രത്തിലെ അടിസ്ഥാനതത്ത്വമാണല്ലോ. മദ്യത്തിനോടുള്ള ആസക്തി കുറയ്ക്കുന്ന മരുന്നുകള്‍ (Anti-craving drugs) ഇന്ന് ലഭ്യമാണ്. ഈ മരുന്നുകള്‍ ക്രമമായി കഴിച്ചാല്‍ നല്ലൊരു ശതമാനം പേരിലും മദ്യവിമുക്ത ജീവിതം സാധ്യമാണ്.

6. എന്നാല്‍, ചികിത്സയില്‍ മരുന്നുകള്‍ മാത്രം പോരാ. മദ്യമില്ലാത്ത ജീവിതം പലര്‍ക്കും ഒരു വെല്ലുവിളിയാണ്. മദ്യത്തിന് അടിമപ്പെട്ടവര്‍ക്ക് മദ്യം നിര്‍ത്തിയാല്‍ ജീവിതത്തില്‍ അതിന് പകരംവെക്കാന്‍ എന്തുണ്ട് എന്ന ചോദ്യം വളരെയധികം അലട്ടുന്ന ഒന്നാണ്. രോഗിക്ക് ഈയവസരത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായം വിലപ്പെട്ടതാണ്. പുതിയ തൊഴില്‍, വിനോദവേളകള്‍, സുഹൃദ്ബന്ധങ്ങള്‍ എന്നിവ വികസിപ്പിച്ചെടുക്കാന്‍ അയാള്‍ക്ക് സഹായം വേണ്ടിവരും.