മാറി മാറി വരുന്ന ജലദോഷം പമ്പകടത്താൻ ഇതാ നാട്ടുമരുന്നിൽ നല്ല മാർഗ്ഗങ്ങൾ..

ചിലർക്ക് ഇടവിട്ട് ജലദോഷം ഉണ്ടാകാറുണ്ട്. ചെറിയൊരു ജലദോഷത്തിന് ഡോക്ടറോട് ചോദിക്കാതെ മെഡിക്കൽ സ്റ്റോറിൽ നിന്ന് ​കിട്ടുന്ന ​മരുന്ന് വാങ്ങി കഴിക്കുന്ന ശീലം ചിലർക്കുണ്ട്. അത് അത്ര നല്ല ശീലമല്ലെന്ന് ഓർക്കുക. ജലദോഷം മാറാൻ വീട്ടിൽ തന്നെ ചില പ്രതിവിധികളുണ്ട്.

മഞ്ഞൾ പൊടി എല്ലാ അസുഖത്തിനുമുളള മരുന്നാണ്. ഒരു കപ്പ് പാലി‍ൽ അൽപം മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് ജലദോഷം, ചുമ എന്നിവ വരാതിരിക്കാൻ സഹായിക്കും. ജലദോഷമുള്ളപ്പോള്‍ ചൂടുള്ള ചുക്ക്‌ കാപ്പി കുടിക്കുന്നത്‌ ആശ്വാസം നല്‍കും. ജലദോഷം വരാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിള്‍ കൊള്ളുക. തുടക്കത്തിലെ ഇത് ചെയ്താൽ തൊണ്ട വേദന മാറുകയും ജലദോഷം വരാതിരിക്കാനും സഹായിക്കും.

ആവി പിടിക്കുന്നതാണ് മറ്റൊരു പ്രതിവിധി. അടഞ്ഞ മൂക്ക്‌ തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിനും ഇത്‌ സഹായിക്കും. ആവി പിടിക്കുമ്പോള്‍ ചൂട്‌ അധികമാകാതെ ശ്രദ്ധിക്കണം, ഇത്‌ മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.

ചുവന്നുള്ളി ചതച്ചെടുത്ത നീര്, തുളസിയില നീര്, ചെറുതേൻ എന്നിവ സമാസമം എടുത്ത് മൂന്ന് നേരം സേവിക്കുക.

∙ ചതച്ച തുളസിയിലയും കുരുമുളകുപൊടിയും ഒരു ഗ്ലാസ്സ് വെള്ളത്തിൽ ചേർത്ത്, തിളപ്പിച്ച് നേർ പകുതിയാക്കി ഉപയോഗിച്ചാൽ ജലദോഷം ശമിക്കും.

∙ തിളപ്പിച്ചെടുത്ത പാൽ ചൂടാറും മുൻപേ കുരുമുളകുപൊടിയും ചേർത്ത് ഉപയോഗിക്കുക.

∙ ഏലയ്ക്കാപ്പൊടി തേനിൽ ചാലിച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.

∙ തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ഫലം ചെയ്യും.

∙ ഒരു കഷ്ണം മഞ്ഞൾ എടുത്ത് കരിച്ച് അതിന്റെ പുക മൂക്കിലൂടെ അകത്തേക്ക് എടുക്കുക. ജലദോഷത്തിന് ശമനം കിട്ടും.

∙ കുരുമുളക്, തിപ്പലി, ജീരകം എന്നിവ 10ഗ്രാം വീതമെടുത്ത് 200 മില്ലി വെള്ളത്തിൽ വേവിച്ച് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ദിവസവും നാലു പ്രാവശ്യമെങ്കിലും കുടിക്കുക. ഫലം ലഭിക്കും.

∙ തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുക.

∙ ഏതാനും തുള്ളി യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച് തിളപ്പിച്ച ശേഷം അതിൽ ആവി പിടിക്കുന്നത് നല്ല ഫലം നൽകും. ജലദോഷത്തിനൊപ്പമുള്ള കഫം, മൂക്കടപ്പ്, തലവേദന എന്നിവയ്ക്ക് ഇത് നല്ലതാണ്.

∙ ഒരുകപ്പ് വെള്ളത്തിൽ കുരുമുളകും ഇഞ്ചിയും ചേർത്ത് തിളപ്പിച്ച് കഷായമാക്കി കുടിക്കുന്നത് ഫലം ചെയ്യും. ദിവസവും രണ്ടോ മൂന്നോ ആവർത്തി കുടിക്കുക.

∙ ഏതാനും തുള്ളി പുൽതൈലം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് ഫലം ചെയ്യും. രാവിലെയും വൈകുന്നേരവും ചെയ്യുന്നതായിരിക്കും കൂടുതൽ ഗുണകരം.

∙ രണ്ടു  ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ്സ് തിളപ്പിച്ച വെള്ളത്തിൽ ഒഴിച്ചശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ചെറുചൂടോടെ രാത്രി ഭക്ഷണത്തിനുശേഷം കഴിക്കുക. ഇത് രണ്ടോ മൂന്നോ ദിവസം ആവർത്തിക്കുക. ജലദോഷത്തിന് ശമനമുണ്ടാകും.

Leave a Comment