കോവിഡ് 19 ഒരിക്കല്‍ വന്നു മാറിയാല്‍, ചെറിയ കാലയളവിലേക്ക് എങ്കിലും വീണ്ടും വരാനുള്ള സാധ്യത തീരെ കുറവാണ് എന്നാണ് നിലവിലുള്ള അനുമാനം
ഇതുവരെ ചൈന പോലെയുള്ള രാജ്യങ്ങളില്‍, രോഗം തുടങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുകയും, പിന്നീട് ഒരു മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയതിന് ശേഷം വീണ്ടും താഴേക്ക് വരുന്നതും കാണാം.
ഇത്തരമൊരു ആരോഹണാവരോഹണ മാതൃക സാധാരണ കാണുന്നത്, രോഗമുക്തരായവര്‍ പ്രതിരോധം ആര്‍ജ്ജിക്കുന്ന പകര്‍ച്ചവ്യാധികളിലാണ്.
രോഗം സ്ഥിരീകരിച്ച ചിലരില്‍, പിന്നീട് നെഗറ്റീവ് പരിശോധനാഫലം ലഭിച്ചതിന്, ആഴ്ചകള്‍ക്കു ശേഷം വീണ്ടും പോസിറ്റീവ് ഫലങ്ങള്‍ ലഭിച്ചതായി ഏതാനും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതാണ് രോഗമുക്തരായവര്‍ക്ക് രണ്ടാമത് ഒരു രോഗബാധ വരാനുള്ള സാധ്യതയുണ്ടോ എന്ന സംശയം വരാന്‍ ഇടയാക്കിയത്.
എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവരിലാര്‍ക്കും വീണ്ടും യാതൊരുവിധ ലക്ഷണങ്ങളും പ്രത്യക്ഷപ്പെട്ടതായി കണ്ടിട്ടില്ല. ആയതിനാല്‍ ഇവര്‍ക്ക് രണ്ടാമതും രോഗം വന്നതാവണമെന്നില്ല, അത് വേര്‍തിരിച്ച് ശാസ്ത്രീയമായി സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു.
പല അണുബാധകളും മാറിയതിനു ശേഷവും ജീവനക്ഷമമല്ലാത്ത ബാക്ടീരിയകളുടെയോ, വൈറസുകളുടെയോ , അവയുടെ ജനിതകഅംശത്തിന്റെയോ തന്റെ സാന്നിധ്യം ശരീരത്തില്‍ കണ്ടേക്കാം. രോഗമില്ലെങ്കില്‍ പോലും, ഇവ തെറ്റായ പോസിറ്റിവ് ഫലങ്ങള്‍ നല്‍കാം.