അതിസുരക്ഷാ നമ്പർ പ്ലേറ്റ് അറിയേണ്ടത്. പുതിയ നിയമത്തെക്കുറിച്ച് അറിയാം

വാഹനം സ്വന്തമായി കൈയിലുള്ളവരും ഇനി വാങ്ങാൻ പോകുന്നവരും അറിയേണ്ട ഒരു കാര്യത്തെകുറിച്ചിവിടെ പ്രതിപാദിക്കുകയാണു. ഈ അടുത്ത കാലം വരെ നമുക്ക് ഇഷ്ടമുള്ള നിറം, ഭാഷ, ഫോണ്ട് എന്നിവ ഉപയോഗിച്ച് ലൈസൻസ് പ്ലേറ്റ് ഇഷ്ടാനുസൃതമാക്കാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു. എന്നാൽ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) 1989 ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതോടെ ഇതിനു മാറ്റം വന്നു. പുതിയ ഉത്തരവ് പ്രകാരം 2019 ഏപ്രിൽ ഒന്നിനോ അതിനുശേഷമോ വിൽക്കുന്ന എല്ലാ വാഹനങ്ങളും ഉയർന്ന സുരക്ഷാ രജിസ്ട്രേഷൻ പ്ലേറ്റുകളിൽ (എച്ച് എസ് ആർ പി – ഹൈ സെക്യൂരിറ്റി റെജിസ്ട്രേഷൻ പ്ലേറ്റ്സ്) ഘടിപ്പിക്കേണ്ടതുണ്ട്. ഈ റെജിസ്ട്രേഷൻ പ്ലേറ്റുകൾ രാജ്യത്തുടനീളം മോട്ടോർ വാഹന രജിസ്ട്രേഷൻ നമ്പറുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഏകീകൃത പാറ്റേൺ സൃഷ്ടിക്കും. അതുമൂലം വാഹന മോഷണം തടയുന്നതിനും നഷ്ടപ്പെട്ടതോ മോഷ്ടിച്ചതോ ആയ വാഹനങ്ങൾ എളുപ്പത്തിൽ ട്രാക്കുചെയ്യുന്നതിന് ഈ നടപടി സഹായിക്കും.

പുതിയ ഈ നിയമത്തെക്കുറിച്ചും പുതിയ റെജിസ്ട്രേഷൻ പ്ലേറ്റുകൾ എങ്ങനെ കാണപ്പെടുന്നുവെന്നും കൂടുതൽ ചർച്ചചെയ്യാം. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകളും തേർഡ്  റെജിസ്ട്രേഷൻ മാർക്കും ഡീലർമാർ തന്നെയാണ് വാഹനങ്ങളിൽ ഘടിപ്പിച്ചു തരേണ്ടത്. പ്ലേറ്റ് ഘടിപ്പിച്ചു  വാഹനത്തിന്റെ ഡാറ്റ വാഹന എന്ന് പറയുന്ന സോഫ്ട്‍വെയറിൽ അപ്ഡേറ്റ് ചെയ്യണം എങ്കിൽ മാത്രമേ വാഹനത്തിന്റെ ആർ സി ബുക്ക് ആർ ഡി ഓ ഓഫീസിൽ നിന്നും പ്രിന്റ് ചെയ്യാനാകുകയുള്ളു.  ഹൈ സെക്യൂരിറ്റി റെജിസ്ട്രേഷൻ പ്ലേറ്റ്സ് വില ഫൈറ്റിങ് ചാർജ് എന്നിവ വാഹനത്തിന്റെ വിലയിൽ ഉൾപെടുത്തിയുട്ടുണ്ടാകണം. അധികവില പ്രത്യേകമായി ഈടാക്കാൻ പാടില്ലായെന്ന നിർദ്ദേശമുണ്ട്. 

ഇതിന്റെ നിർമിതി ഒരു എംഎം അലൂമിനിയം ഷീറ്റിൽ ഉണ്ടാക്കിയതായിരിക്കണം. ടെസ്റ്റിംഗ് ഏജൻസി അംഗീകരിച്ച AIS 159-2019 അനുസരിച്ചു നിർമിച്ച നമ്പർ പ്ലേറ്റുകളാവണം ഇത്. വ്യാജ നമ്പർ പ്ലേറ്റുകൾക്കു തടയിടാനായി 20 x 20 എംഎം സൈസിലുള്ള ക്രോമിയം ബേസ്ഡ് ഹോളോഗ്രാം നമ്പർ പ്ലേറ്റിന്റെ ഇടതു ഭാഗത്തായി ഘടിപ്പിക്കും.  ഹോളോഗ്രാമിൽ നീല നിറത്തിലുള്ള അശോക ചക്രം ആലേഖനം ചെയ്തിട്ടുണ്ടാകും. നമ്പർ പ്ലേറ്റുകൾക്കു കുറഞ്ഞത് അഞ്ചു വർഷത്തെ ഗ്യാരണ്ടീ ഉറപ്പാക്കും. നമ്പർ പ്ലേറ്റിന്റെ ഇടതു വശത്തു താഴെയായി പത്തു അക്കമുള്ള ലേസർ ബ്രാൻഡ് ഐഡന്റിഫിക്കേഷൻ നമ്പറും ഉണ്ടാകും.

നമ്പർ പ്ലേറ്റിന്റെയും അക്ഷരങ്ങളുടെയും മുകളിൽ  45 ഡിഗ്രി ചരിവിൽ ഇന്ത്യ എന്നെഴുതിയ ഹോട് സ്റ്റാമ്പിങ് ഫിലിമും ഉണ്ട്.  നമ്പർ പ്ലേറ്റിന്റെ ഇടതുവശത്തു നടുവിലായികൊണ്ടു IND എന്ന് നീല നിറത്തിൽ ഹോട് സ്റ്റാമ്പിങ് ചെയ്തിട്ടുണ്ടാകും.  ഇത് ഊറി മാറ്റാനാകില്ലയെന്ന പ്രത്യേകതയുമുണ്ട്.  പ്രധ്യേകമായ സ്റ്റെപ് ലോക്കിംഗ് സിസ്റ്റം ആണ് ഇതിൽ ഘടിപ്പിച്ചിട്ടുണ്ടാകുക. ഒരിക്കൽ ഊറി മാറ്റിയാൽ പിന്നീട് അത് ഘടിപ്പിക്കാൻ സാധിക്കാത്ത സാഹചര്യവുമുണ്ട്. ആദ്യ ഘട്ടത്തിൽ ഇത് പുതിയ വാഹനങ്ങളിൽ ആണ് ഘടിപ്പിക്കേണ്ടത്.  വാഹനം വാങ്ങി പതിനഞ്ചു ദിവസത്തിനകം ഇത് ഘടിപ്പിച്ചു നൽകേണ്ടത് ഡീലറിന്റെ ഉത്തരവാദിത്വമാണ്