ഈ പഴം വീട്ടിലുള്ളവരും കഴിച്ചിട്ടുള്ളവരും അറിഞ്ഞിരിക്കാൻ..പഴമക്കാർ പറഞ്ഞ അറിവ്

ആത്തച്ചക്കയുടെ കുടുംബത്തിൽ, ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് സീതപ്പഴം. നമ്മുടെ ഫ്രൂട്ട് വിപണിയില്‍ സീസണനുസരിച്ച് വ്യാപകമായി കാണാറുള്ള ഒന്നാണ് സീതപ്പഴം (കസ്റ്റാര്‍ഡ് ആപ്പിള്‍). നാട്ടിന്‍പുറങ്ങളിലാണെങ്കില്‍ ഇതിന്റെ മരങ്ങളും ഇഷ്ടം പോലെ കാണാം.

അനോനേസീ കുടുംബത്തില്‍പ്പെട്ട സീതപ്പഴത്തിന്റെ ശാസ്ത്രനാമം അനോന സ്‌ക്വാമൊസ എന്നാണ്. തമിഴില്‍ ആത്ത് എന്നും സീതപ്പഴം എന്നും  ഗുജറാത്തിയില്‍ സീതാഫല്‍ എന്നും ബംഗാളിയില്‍ ആത, ലൂണ എന്നും ഹിന്ദിയില്‍ ആത, സീതാഫല്‍ എന്നിങ്ങനെയും പറഞ്ഞുവരുന്നു. ഇംഗ്ലീഷില്‍ ഷുഗര്‍ ആപ്പിള്‍ എന്നാണ് നാമം. സാമാന്യം വേഗത്തില്‍ വളരുന്ന ഒരിനം സസ്യമാണിത്. 5 മുതല്‍ 10 മീറ്റര്‍ വരെ പൊക്കം വെയ്ക്കുന്നു. അല്പം നീണ്ട ആകൃതിയിലവുള്ള ഇലകളുടെ രണ്ടറ്റവും കൂര്‍ത്തതായിരിക്കും. ഇലയുടെ ഇരുഭാഗവും നല്ല മിനുസമുള്ളതായിരിക്കും. അവയുടെ അറ്റവും അടിഭാഗവും ഉരുണ്ടതായിരിക്കും. കാണാന്‍ കൗതുകമുള്ളതും വലുതുമാണ് പൂക്കള്‍.അവ ഇലകള്‍ക്ക് അഭിമുഖമായി ഒറ്റയേ്ക്കാ കൂട്ടമായോ കാണപ്പെടുന്നു.

ധാതു ശക്തിവര്‍ധിപ്പിക്കാന്‍ ഉത്തമമെന്ന് ആയുര്‍വേദത്തില്‍ പറയപ്പെടുന്ന ശീതവീര്യമുള്ള ഇതിന്റെ മാംസളമായ വെളുത്തഭാഗമാണ് ഭക്ഷ്യയോഗ്യം. വിത്ത് വിഷജന്യമാണ് അത് കഴിക്കാനിടവന്നാല്‍ ചര്‍ദിയും പനിയും ഉണ്ടാകും. കൂടാതെ ഗര്‍ഭിണികള്‍ വിത്ത് അറിയാതെ കഴിച്ചാല്‍ ഗര്‍ഭം അലസാനും സാധ്യതയുണ്ട് അതിനാല്‍ ഗര്‍ഭിണികള്‍ക്ക് ഇത് നല്‍കാറില്ല. മാംസളമായ വെളുത്തഭാഗം അന്നജം, കൊഴുപ്പ് എന്നിവ കൂടാതെ 60 ശതമാനത്തോളം വെള്ളവും ഏഴ് ശതമാനത്തിനടുത്ത് പഞ്ചസാരയും അടങ്ങിയിരിക്കുന്നു. വിത്തില്‍ വിഷതൈലം, റൈസിന്‍, ആല്‍ക്കലോയ്ഡ് എന്നിവയും അടങ്ങിയിരിക്കുന്നു.
 
പിത്തവും കഫവും ശമിപ്പിക്കാന്‍ നല്ലൊരു ഔഷധമായാണ് ആയുര്‍വേദം ഇതിനെ ഗണിച്ചുവരുന്നത്. വ്രണങ്ങള്‍ ഉണങ്ങാന്‍ ഇതിന്റെ തൊലിയും ഇലയും ചതച്ച് ചേര്‍ത്തുകെട്ടിയാല്‍ മതി. ചുമയ്ക്കും അപസ്മാരത്തിനും വിധിപ്രകാരം സേവിക്കാം. കുട്ടികള്‍ക്കുണ്ടാകുന്ന ഗുദഭൃംശത്തിന് ഇതിന്റെ ഇല കഷായംവെച്ചുകൊടുക്കാറുണ്ട്. പാകമാകാത്തഫലം കുരുകളഞ്ഞ് ചവച്ചുതിന്നാല്‍ അതിസാരം ആമുതിസാരം എന്നിവശമിക്കും. മൃഗങ്ങള്‍ക്കുണ്ടാകുന്ന കുളമ്പുരോഗത്തിന് ഇതിന്റെ ഇലയും പുകയിലയും ചേര്‍ത്ത് ചതച്ച് വെച്ചാല്‍മതി. കുരുക്കളും പരുക്കളും എളുപ്പം പൊട്ടിപ്പോകുന്നതിന് സീതപ്പഴത്തിന്റെ ഇല അരച്ച് വെച്ചു കെട്ടിയാല്‍ മതി.