ചെലവ് പരമാവധി രണ്ടര ലക്ഷം. 10 ദിവസം കൊണ്ട് നിർമ്മിക്കാം.. ഇത് ക്യാബിൻ ഹൗസ്

കേരളത്തിന്റെ അതിജീവനകാലം ചരിത്രത്തിൽ ഇടംപിടിക്കുന്ന ഭീകരപ്പെടുത്തുന്ന പ്രളയകാല ചിത്രങ്ങളും ഓർമകളും ഒരുകാലത്തും മറക്കാനാവില്ല. ഇപ്പോഴും സ്വന്തമെന്നു പറയാനുള്ളതെല്ലാം ഒലിച്ചുപോയി ആശ്രയമില്ലാതെ കഴിയുന്നവർ പലരുമുണ്ട്. അത്തരത്തിലുള്ള ചിലർക്ക് അനുഗ്രഹമാവുകയാണ് ഇടുക്കിയിലെ ക്യാബിൻ ഹൗസ് എന്ന പദ്ധതി. പുരോഹിതനായ ജിജോ കുര്യനും നാട്ടിൽനിന്നുള്ള വൊളന്റിയർമാരും ചേർന്നാണ് അശരണരായവർക്ക് ഒരു കൂര എന്ന സ്വപ്നത്തിനായി തുനിഞ്ഞിറങ്ങിയത്. പലവിധ പ്രശ്നങ്ങളാൽ മറ്റു സഹായങ്ങൾ ലഭ്യമാകാത്തവർക്കു വേണ്ടിയാണ് ഇവർ ക്യാബിൻ ഹൗസ് നിർമ്മിക്കുന്നത്. ക്യാബിൻ ഹൗസ് സങ്കൽപത്തെക്കുറിച്ച് ജിജോ കുര്യൻ മനസ്സു തുറക്കുന്നു.

”പ്രളയകാലം തൊട്ട് ഇടുക്കിയുടെ പുനരധിവാസത്തിനായി പരിശ്രമിക്കുന്നവരാണ് ഞങ്ങളെല്ലാം. ക്യാബിൻ ഹൗസുകൾ താത്കാലിക പുനരധിവാസത്തിലെ ഒരു ചെലവുകുറഞ്ഞ സാധ്യതയാണ്. കൃത്യമായ രേഖകളില്ലാതെ ഭൂമിയിൽ കഴിയുന്നവർ ഇവിടെ ധാരാളമുണ്ട്. ഭൂമി സംബന്ധമായ രേഖകൾ ഇല്ലാത്തതുകൊണ്ടുതന്നെ സർക്കാർ സഹായങ്ങളുംമറ്റും വൈകാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് താൽക്കാലിക അടിസ്ഥാനത്തിൽ ക്യാബിൻ ഹൗസ് എന്ന സങ്കൽപത്തിലേക്ക് എത്തിച്ചേർന്നത്.

പരിചരിക്കാൻ ആരോരുമില്ലാത്ത മുതിർന്നവർ, ഭർത്താവ് നഷ്ടപ്പെട്ട അമ്മയും കുഞ്ഞുങ്ങളും തുടങ്ങി തീർത്തും അശരണരായവർക്കാണ് ക്യാബിൻ ഹൗസ് നിർമ്മിക്കുന്നത്. അത്തരത്തിലുള്ളവരെ തിരഞ്ഞെടുത്ത് അവർക്കായി സ്പോൺസർമാരെ കണ്ടെത്തും. ആശയം പറഞ്ഞപ്പോഴേക്കും ആർജിബി ആർക്കിടെക്ട്സ് സൗജന്യമായി ഡിസൈൻ ചെയ്തു തരാമെന്ന് ഏറ്റു, ഒപ്പം അവരുടെ ആർക്കിടെക്ട് വിദ്യാർഥികളുടെ സഹായവും നിർമാണ പ്രവർത്തനങ്ങളിലുടനീളം ഉണ്ടായിരുന്നു. നാട്ടിലുള്ളവരിൽ നിന്നു വളന്റിയർമാരെ കണ്ടെത്തുകയും ചെയ്തു.”

വീട് ഒരു ആർഭാടമല്ല ആവശ്യമാണ് എന്ന ദർശനമാണ് ക്യാബിൻ ഹൗസിന്റെ അടിസ്ഥാന ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. സന്മനസ്സുള്ള സുഹൃത്തുക്കൾ ഉള്ള കാലത്തോളം ക്യാബിൻ ഹൗസ് പദ്ധതി ആവശ്യപ്പെട്ടവരിലേക്ക് എത്തും. വീട് ഒരു വട്ടം പെയിന്റ് ചെയ്യാനുള്ള തുക കൊണ്ട് പ്ലാസ്റ്റിക് ഷെഡുകളിൽ കഴിയുന്നവർക്ക് ഒരു കൂടൊരുക്കാമെന്നും അദ്ദേഹം പറയുന്നു.

Credit: a2z Global NEWS

Credit: Jijo Kurian