ഗായിക എസ് ജാനകി സുഖം പ്രാപിച്ച് വരുന്നു; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും മരണപ്പെട്ടു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും കുടുംബം അറിയിച്ചു. ജാനകിയുടെ കുടുംബത്തെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

സമൂഹമാധ്യമങ്ങളിൽ ജാനകി മരണപ്പെട്ടു എന്ന് വാർത്ത പ്രചരിച്ചതിനു പിന്നാലെ ഗായകരടക്കമുള്ളവർ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ഗായകൻ മനോ മരണവാർത്ത തെറ്റാണെന്ന് അറിയിക്കുകയും ചെയ്തു. “ജാനകിയമ്മയോട് സംസാരിച്ചു. അവർ ഇപ്പോൾ മൈസൂരിലാണ്. പൂർണ ആരോഗ്യവതിയാണ്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക”.- മനോ ട്വീറ്റ് ചെയ്തു. നടൻ മനോബാലയും വിഷയ സംബന്ധിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗായകൻ എസ്പി ബാലസുബ്രഹ്മണ്യവും വാർത്ത വ്യാജമാണെന്ന് അറിയിച്ചു.

2017 ഒക്ടോബറിലാണ് ജാനകിയമ്മ പാട്ട് നിർത്തിയത്. മൈസൂരുവിൽ ഇന്നലെ നടന്ന സ്വകാര്യ പരിപാടിയിലാണ് ജാനകി തൻ്റെ അവസാന ഗാനം ആലപിച്ചത്. മൈസൂരു മാനസ ഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ ഹർഷാരവം ഏറ്റ് വാങ്ങിയാണ് ജാനകിയമ്മ തന്റെ അവസാന ഗാനം പാടിയത്. കഴിഞ്ഞവര്‍ഷം ‘പത്തുകല്‍പ്പനകള്‍’ എന്ന മലയാളസിനിമയില്‍ പാടിയശേഷം സംഗീതജീവിതം നിര്‍ത്താന്‍ തീരുമാനിച്ചതാണ്. എന്നാല്‍, മൈസൂരു മലയാളിയായ മനു ബി. മേനോന്‍ നേതൃത്വംനല്‍കുന്ന സ്വയംരക്ഷണ ഗുരുകുലം, എസ്. ജാനകി ചാരിറ്റബിള്‍ ട്രസ്റ്റ് മൈസൂരു എന്നിവയുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പരിപാടി അവതരിപ്പിക്കാന്‍ തയ്യാറായത്.