ആരായിരുന്നു പി കെ കുഞ്ഞനന്തൻ? സമൂഹത്തോട് കരുതൽ ഉണ്ടായിരുന്ന, സമൂഹത്തിന്റെ അംഗീകാരം നേടിയ, എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ട വ്യക്തി ആയിരുന്നു കുഞ്ഞനന്തൻ- ശ്രീജിത്ത് പണിക്കർ

രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം..

ആരായിരുന്നു പി കെ കുഞ്ഞനന്തൻ?

കേരളത്തെ ഞെട്ടിച്ച ടി പി ചന്ദ്രശേഖരൻ കൊലപാതക കേസിൽ ഗൂഢാലോചന തെളിയിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷ ലഭിച്ച കുറ്റവാളിയെന്നൊക്കെ അസൂയക്കാരും പ്രതിപക്ഷ കക്ഷികളും പറയും. ഉമ്മൻ ചാണ്ടിയുടെ സർക്കാർ അദ്ദേഹത്തെ കേസിൽ കുടുക്കുകയായിരുന്നു എന്ന സത്യം സഖാവ് കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചിട്ടുണ്ട്. വിധി പ്രസ്താവിച്ച ജസ്റ്റിസ് ആർ നാരായണ പിഷാരടി ഉമ്മൻ ചാണ്ടിയുടെ കാലത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആയിരുന്നെന്ന് ആരോ പറയുന്നത് കേട്ടു. അപ്പോൾ പിന്നെ അന്ന് ഉമ്മൻ ചാണ്ടി ആരായിരുന്നു? ആ… അന്വേഷിക്കണം.ഈ അസത്യ പ്രചാരണങ്ങൾക്കിടയിലും ആരായിരുന്നു കുഞ്ഞനന്തനെന്ന്, അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ, ഒരു ഫാക്ട് ചെക്കിങ് വെബ്സൈറ്റിനേക്കാൾ കൃത്യതയോടെ, മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുവെച്ചിട്ടുണ്ട്. സമൂഹത്തോട് കരുതൽ ഉണ്ടായിരുന്ന, പൊതുപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം നേടിയ, പാനൂരിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ട വ്യക്തി ആയിരുന്നു കുഞ്ഞനന്തൻ. ഒരു ഉറുമ്പിനെ പോലും കൊന്നിട്ടില്ലാത്ത പരമ സാത്വികൻ ആയാണ് അദ്ദേഹത്തെ ഞാൻ മനസ്സിലാക്കുന്നത്. ടി പി ചന്ദ്രശേഖരൻ ഉറുമ്പ് ആയിരുന്നില്ലല്ലോ, അന്തസ്സുള്ള മനുഷ്യൻ ആയിരുന്നില്ലേ.അസൂയക്കാർ വീണ്ടും കുത്തിത്തിരിപ്പ് ചോദ്യങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. ടി പി യോട് കാട്ടിയതാണോ കരുതൽ, ജീവപര്യന്തമാണോ അംഗീകാരം, പാനൂരിലെ ജനങ്ങളിൽ ടി പി യുടെ മരണത്തിൽ അമർഷമുള്ളവർ ഇല്ലേ എന്നൊക്കെ. ഇതിന്റെ പേരിൽ, സമൂഹത്തിന്റെ പൊതുബോധത്തിനു വിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത് എന്നൊന്നും കുപ്രചരണം നടത്തേണ്ട. യാഥാർത്ഥ്യവുമായി ഏറ്റവും അടുത്തു നിൽക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു പക്ഷെ കേന്ദ്രസർക്കാരിന്റെ ദുഷ്ചിന്ത കാരണമാവാം അർഹതപ്പെട്ട ഒരു പദ്മഭൂഷൺ പോലും ആ ശ്രേഷ്ഠമാനവന് ലഭിക്കാതെ പോകാൻ കാരണം.സഖാവ് പിണറായിയുടെ മികച്ച മാതൃക പിന്തുടർന്ന് ഭാവിയിലും നമ്മുടെ മുഖ്യമന്ത്രിമാർ കൊലപാതക കേസുകളിലെ കുറ്റവാളികൾക്ക് ആദരാഞ്ജലികൾ നേരട്ടെ എന്നു പ്രാർത്ഥിക്കുന്നു. പീഡനക്കേസിലെ പ്രതികളെ സ്മരിച്ചാലും നന്ന് എന്നാണ് വ്യക്തിപരമായി എന്റെയൊരിത്. ആരോടും വ്യക്തിവിദ്വേഷമില്ലാത്ത, എല്ലാവരെയും ഉൾക്കൊള്ളുന്ന മധുരമനോജ്ഞമായ കേരളം പൂത്തുലയട്ടെ.ഉലയട്ടെ, അല്ലേ?

Leave a Comment