പാക്കിസ്ഥാനിലെ ‘കാമാത്തിപ്പുര’ “പതിമൂന്നാം വയസ്സിലാണ് ഞാനാദ്യമായി..- ഒരു ചുവന്ന തെരുവിന്റെ കഥ

ഹീരാ മണ്ഡി – പാക്കിസ്ഥാനിലെ ‘കാമാത്തിപ്പുര’

“പതിമൂന്നാം വയസ്സിലാണ് ഞാനാദ്യമായി ഒരു വേദിയിൽ നൃത്തത്തിന് ചുവട് വെയ്ക്കുന്നത്. കുഞ്ഞു നാൾ തൊട്ടേ വീട്ടിൽ നിന്ന് കിട്ടിയ നൃത്ത പാഠങ്ങൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം കൂടിയായിരുന്നു. മൂന്നോ നാലോ പുരുഷന്മാരുടെ മുമ്പിൽ ആദ്യമായി നൃത്തം ചെയ്യുമ്പോൾ അത് ഏത് പാട്ടായിരുന്നു എന്നോർക്കുന്നില്ലെങ്കിലും മാഡത്തിന്റെ ഒരു പാട്ടായിരുന്നുവെന്ന് ഉറപ്പാണ്” ജുഗ്നു പറഞ്ഞു നിർത്തി.

ജുഗ്നു, മാഡം എന്ന് വിളിക്കുന്നത് പ്രശസ്ത ഗായിക നൂർജഹാനെയാണ്. പാക്കിസ്ഥാൻകാർ ഇന്നും നെഞ്ചോട് ചേർത്ത് വെയ്ക്കുന്ന അനുഗ്രഹീത കലാകാരി നൂർജഹാൻ അവരുടെ ഒരേയൊരു മാഡമാണ്. പേര് പറയാതെ മാഡം എന്ന് വിളിക്കുന്നതിന്റെ പിന്നിൽ, ബഹുമാനം എന്ന വികാരം മാത്രം. ജുഗ്നുവിനിന്ന് മുപ്പത്തിയഞ്ച് വയസ്സ് പ്രായമുണ്ടാവും. ഫീൽഡിൽ നിന്ന് ഏതാണ്ട് പുറത്തായ മട്ടാണ്. ജുഗ്നുവിന്റെ അമ്മ സീബയുടെയും രണ്ട് ആൺ മക്കളുടെ കൂടെയുമാണ് ജുഗ്നുവിന്റെ താമസം. ഓരോ കാലങ്ങളിലായി നാല് ഭർത്താക്കന്മാർ ഉണ്ടായിരുന്നുവെങ്കിലും ജുഗ്നു ഇപ്പോൾ തനിച്ചാണ്. വിവാഹമോചനം നേടിയാതാണോ എന്ന ചോദ്യത്തിന്, “അതിന് ആ നാല് പേരുമായും ഒരു വിവാഹ ഉടമ്പടി ഉണ്ടായിട്ടില്ല. ‘നിക്കാഹ് നാമ’യ്ക്ക് പകരം ഒരു തരം കച്ചവട ഉടമ്പടി വഴിയാണ് ഞങ്ങൾ കഞ്ചർ സമുദായത്തിലെ സ്ത്രീകൾ ഒരാളുടെ ഭാര്യയായി തീരുന്നത്. എന്നെ ആദ്യം വിവാഹം കഴിച്ച ഒരു ജ്വല്ലറി കടക്കാരൻ മുപ്പതിനായിരം രൂപ ‘മെഹർ’ നൽകിയാണ് എന്നെ കെട്ടിയത്. അക്കാലത്ത് ഒരു മാസം കൊണ്ട് തന്നെ അതിന്റെ ഇരട്ടിയിലധികം എനിക്ക് സമ്പാദിക്കാൻ പറ്റിയിരുന്നു.”

പാകിസ്ഥാനിലെ ലാഹോർ നഗരത്തിന്റെ വടക്കേ പ്രാന്തപ്രദേശമായ ‘ഹീര മണ്ഡി’, പാക്കിസ്ഥാനിലെ ചുവന്ന തെരുവ് എന്നാണറിയപ്പെടുന്നത്. മുഗൾ സാമ്രാജ്യത്തോളം പഴക്കമുള്ളതാണ് ഹീര മണ്ഡിയുടെ പ്രശസ്തി, അതോ കുപ്രശസ്തിയോ. ഡയമണ്ട് ബസാർ എന്നാണ് ഹീരാ മണ്ഡി എന്ന വാക്കിനർത്ഥമെങ്കിലും പേരിന് പോലും ഒരു സ്വർണ്ണക്കട ആ ഭാഗത്ത് ഇന്ന് ഇല്ലത്രെ. കാലങ്ങളായി തുരുമ്പെടുത്തു കൊണ്ടിരിക്കുന്ന പഴകിയ കെട്ടിടങ്ങളും ജീർണ്ണിച്ച മുറികളും മുജ്‌റ സദസ്സുകളുമാണ് ഇന്ന് വജ്ര തെരുവിൽ അവശേഷിക്കുന്നത്. വജ്രത്തെരുവിൽ മുജ്‌റ അവതരിപ്പിക്കുന്ന ജുഗ്നുവിനെ പോലെയുള്ള കഞ്ചാർ സമുദായത്തിലെ സ്ത്രീകൾ ആണ് മക്കളെക്കാൾ പെൺ മക്കൾക്ക് ജന്മം നൽകാൻ ആഗ്രഹിക്കുന്നവരാണ്. ആൺ മക്കൾ വല്ല കൂലിപ്പണിയുമെടുത്ത് കൊണ്ട് വരുന്നതിന്റെ പത്തിരട്ടി പെൺ മക്കൾ സമ്പാദിച്ചു തരുമെന്ന വിശ്വാസമാണതിന്ന് പിന്നിൽ.

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുഗൾ രാജാക്കന്മാരുടെ കൊട്ടാരത്തിലാണത്രെ മുജ്‌റ എന്ന കലാരൂപം ജന്മം കൊണ്ടത്. ടുമ്രി, ഗസൽ ഗാനരൂപങ്ങളും കഥക് നൃത്തത്തിന്റെ സ്വാധീനവും ഉൾക്കൊണ്ട മുജ്‌റ ആദ്യകാലങ്ങളിൽ അവതരിപ്പിച്ചിരുന്നത് കൊട്ടാരം ദർബാറുകളിലും പ്രഭുക്കന്മാരുടെ മെഹ്ഫിലുകളിലുമായിരുന്നു. കൊട്ടാരം ദാസിമാരായിരുന്നു അക്കാലത്ത് മുജ്‌റ അവതരിപ്പിച്ചിരുന്നത്. പഴയ കാല മുജ്‌റയിൽ നിന്ന് ഇന്ന് മാറ്റം വന്നിട്ടുണ്ടെങ്കിലും വടക്കേ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും പല ഭാഗങ്ങളിലും മുജ്‌റ ഇന്നും സജീവമാണ്. സംഗീതത്തേക്കാളും നൃത്തച്ചുവടുകളെക്കാളും പ്രാധാന്യം സ്ത്രീ ശരീരത്തിന്റെ ആകർഷണീയത പ്രകടമാക്കുന്ന രീതിയിലുള്ള മുജ്‌റ നൃത്തമാണ് പാക്കിസ്ഥാനിലെ വിവാഹ ആഘോഷങ്ങളിലും പാർട്ടികളിലും പിന്നെ ഹീരാ മണ്ഡി പോലുള്ള നഗരത്തിന്റെ ചുവന്ന തെരുവുകളിലും അവതരിക്കപ്പെടാറുള്ളത്.

നാലോ അഞ്ചോ പേരുള്ള സദസ്സിന് മുമ്പിലും വലിയ സ്റ്റേജുകളിലും മുജ്‌റ അവതരിപ്പിക്കാറുണ്ട്. സമൂഹത്തിൽ ഏറ്റവും താഴ്ന്ന ജാതി എന്ന് മുദ്ര കുത്തപെട്ട കഞ്ചാർ സമുദായത്തിൽ നിന്നുള്ളവരാണ് ഇന്ന് ഈ നൃത്ത രൂപം അവതരിപ്പിക്കുന്നത്. കൂടെ സംഗീതോപകരണങ്ങൾ വായിക്കുന്നതാവട്ടെ ‘മിറാസി’ എന്ന മറ്റൊരു അപരിഷ്കൃത സമുദായത്തിൽ നിന്നുള്ളവരുമാണ്. ശൃംഗാരത്തിന് അമിത പ്രാധാന്യം കൊടുക്കലും നാമമാത്ര വസ്ത്രമണിയലും ആളുകളെ ത്രസിപ്പിക്കുന്ന ചേഷ്ടകൾ പ്രകടിപ്പിക്കുന്നതും മുജ്‌റ നൃത്തത്തിന്റെ ഭാഗമാണ്. സദസ്സ്യരിൽ പലരും നർത്തകിയുടെ ചുറ്റും വലംവെയ്ക്കലും കറൻസി നോട്ടുകൾ വിതറലും ഒരു ആചാരമാണ്. പാക്കിസ്ഥാനിൽ പതിനായിരത്തോളം മുജ്‌റ നർത്തകിമാരുണ്ട്. നർഗീസ്, ദീദാർ, മേഘ, റീമ തുടങ്ങി വളരെ പ്രശസ്തിയാര്ജിച്ചവർ മുതൽ ഒറ്റപ്പെട്ട കുടുസ്സു മുറികളിൽ മാത്രം ചുവട് വെയ്ക്കാൻ വിധിക്കപ്പെട്ടവരും ഇതിലുൾപ്പെടും. ഒരു മുജ്‌റയ്ക്ക് പതിനയ്യായിരം (പാക്കിസ്ഥാനി രൂപ) മുതൽ പതിനഞ്ചു ലക്ഷം വരെ ഈടാക്കുന്ന പ്രഗത്ഭർ വരെ ഈ മേഖലയിൽ ഉണ്ടത്രേ. പാക് സിനിമയിൽ വരെ എത്തപ്പെട്ട നിരവധി നടിമാരും ഗായികമാരും ഹീരാ മണ്ഡിയുടെ സംഭാവനയാണെങ്കിലും മറ്റൊരു ജീവിതവരുമാനം മാർഗം കണ്ടെത്തിയാൽ ഈ പ്രദേശത്ത് നിന്ന് മാറി താമസിക്കാനാണ് ശ്രമിക്കാർ.

ഏറെ പണം വാരുന്ന ഒരു ഷോബിസ് ആണെങ്കിലും മുജ്‌റ അവതരിപ്പിക്കുന്ന സ്ത്രീകളെ സമൂഹം മറ്റൊരു രീതിയിലെ കാണുന്നുള്ളൂ. മുജ്‌റ സദസ്സിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ബ്രോഥലുകൾ ഇവിടെ അത്ര രഹസ്യമൊന്നുമല്ല. പാക്കിസ്ഥാനിൽ വേശ്യാവൃത്തി നിയമവിരുദ്ധമാണെങ്കിലും മുജ്‌റ നടക്കുന്ന കെട്ടിടങ്ങളിൽ പരിശോധനകൾ ഉണ്ടാകാറില്ലെന്നും കഞ്ചാർ സമുദായത്തെ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരുന്നതിന് മെനക്കെടാറില്ല എന്നുമാണ് ലാഹോറിൽ നിന്നുള്ള സുഹൃത്ത് പറഞ്ഞത്.

കടപ്പാട്- സിദ്ദീഖ് പടപ്പിൽ

Leave a Comment