ബിഷപ്പിനെ രൂക്ഷമായി വിമർശിച്ച സിസ്റ്റർ ലൂസിയുടെ വീഡിയോ യൂ ട്യൂബ് നീക്കം ചെയ്തു.

തലശേരി രൂപത സഹായ മെത്രാൻ ബിഷപ്പ് ജോസഫ് പാംബ്ളാനിയെ അതിരൂക്ഷമായി വിമർശിച്ച് സിസ്റ്റർ ലൂസി കളപ്പുര പോസ്റ്റുചെയ്ത വീഡിയോ യൂ ട്യൂബിൽ നിന്ന് നീക്കം ചെയ്തു. അതേസമയം,​ സഭയിലെ ഒരു വിഭാഗത്തിന്റെ സമ്മർദ്ദം കാരണം നീക്കിയ വീഡിയോ,​ കന്യാസ്ത്രീകൾക്ക് നീതി തേടുന്ന സംഘടനകൾ പ്രചരിപ്പിച്ചു തുടങ്ങി.

സഭയുടെ ഒരു മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ച ‘വിവാദം 2019 കടന്ന് സഭാനൗക മുന്നോട്ട് ‘ എന്ന ജോസഫ് പാംബ്ളാനിയുടെ അഭിമുഖത്തെയാണ് സിസ്റ്റർ ലൂസി വിമർശിച്ചത്. വാസ്തവവിരുദ്ധമായ പരാമർശങ്ങൾ തന്റെ പേരെടുത്ത് ബിഷപ്പ് പറഞ്ഞതിനാൽ സത്യം പൊതുസമൂഹത്തെ അറിയിക്കാനാണ് വീഡിയോയിലൂടെ അവർ ശ്രമിക്കുന്നത്. ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസിയാണ് വീഡിയോ തയ്യാറാക്കിയത്.

സന്യാസമൂഹത്തിന്റെ ചൈതന്യത്തിന് വിരുദ്ധമായാണ് സിസ്റ്റർ ലൂസി പ്രവർത്തിച്ചതെന്നാണ് ബിഷപ്പിന്റെ വാദം. സന്യാസചൈതന്യം എന്ന വാക്കിന്റെ അർത്ഥം ബിഷപ്പിന് അറിയില്ലെന്ന് സിസ്റ്റർ തിരിച്ചടിക്കുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് രക്ഷതേടി കന്യാസ്ത്രീകൾ ബിഷപ്പുമാരെ സമീപിച്ചു. ഫ്രാങ്കോയുടെ ചുമതലയിലുള്ള കുറവിലങ്ങാട് മഠത്തിൽ നിന്ന് മാറ്റം കിട്ടാൻ കാലുപിടിച്ചു. നീതിയും സംരക്ഷണവും നൽകേണ്ട ബിഷപ്പുമാർ യാചന കേട്ടില്ല. എല്ലാം കണ്ടും കേട്ടും മൗനവ്രതം പാലിച്ച പിതാവിന് സന്യാസചൈതന്യം എന്ന് ഉച്ചരിക്കാൻ യോഗ്യതയില്ല.

ക്രിസ്തുവിന് നിരക്കാത്തതിന് വഴങ്ങിക്കൊടുക്കാൻ പറഞ്ഞപ്പോൾ അനുസരണയെന്നാൽ അടിമത്തമല്ലെന്ന് പറഞ്ഞതാണ് താൻ ചെയ്ത തെറ്റ്. കന്യാസ്ത്രീകൾ നീതിക്കായി തെരുവിൽ നടത്തിയ സമരത്തിൽ പങ്കെടുത്തപ്പോൾ മുതൽ തന്നെ ശത്രുവാക്കി. സത്യങ്ങൾ പറയുന്നവരെ നിശബ്ദരാക്കുകയാണ് സഭയുടെ ശീലം.

പുറത്തുപോയാൽ കുടുംബത്തെ വരെ ഒറ്റപ്പെടുത്തുമെന്നതിനാൽ പറയുന്നതിനെല്ലാം വഴങ്ങിക്കൊടുക്കേണ്ട ഗതികെട്ട ജന്മങ്ങളാണ് കന്യാസ്ത്രീകളിൽ ഭൂരിഭാഗവും. ഇംഗിതങ്ങൾക്ക് വഴങ്ങാത്തതിനാലാണ് തന്നെ ശിക്ഷിച്ചത്. പീഡനക്കേസ് പ്രതികളായ ബിഷപ്പ് ഫ്രാങ്കോ, ഫാ. റോബിൻ തുടങ്ങിയവരെ സഭ സംരക്ഷിക്കുന്നുവെന്നും സിസ്റ്റർ ലൂസി വീഡിയോയിൽ പറയുന്നുണ്ട്.

ഇനിയും വിളിച്ചുപറയും

എത്ര അടിച്ചമർത്തിയാലും സത്യം പുറത്തുവരും. കന്യാസ്ത്രീകൾ സത്യം തുറന്നുപറയുന്നത് സഭ ഭയക്കുന്നു. എതിർപ്പിനെ ഏതുവിധേനയും അടിച്ചമർത്തും. ലഭിക്കുന്ന വേദികളിലെല്ലാം ഇനിയും സത്യം വിളിച്ചുപറയും.

സിസ്റ്റർ ലൂസി കളപ്പുര

Leave a Comment