മൊബൈൽ ഫോണിലൂടെ കൊറോണ പകരാമെന്ന് എംയിസിലെ ഡോക്ടർമാർ..

മൊബൈൽ ഫോണുകളിലൂടെ കൊവിഡ് പകരാമെന്ന് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് റായ്പൂരിലെ ഡോക്ടർമാരുടെ മുന്നറിയിപ്പ്. കൊവിഡ് വൈറസിന്റെ വാഹകരാകാൻ മൊബൈൽ ഫോണുകൾക്ക് കഴിയുമെന്ന് എംയിസ് റായ്പൂരിലെ ഡോക്ടർമാരുടെ പഠനം പറയുന്നു. വ്യക്തി ശുചിത്വം പാലിക്കാനായി കൂടുതൽ കാര്യങ്ങൾ ആശുപത്രികളിൽ ഉൾപ്പെടുത്തണമെന്നും ഒരു സംഘം ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.

ആരോഗ്യ പ്രവർത്തകർ തമ്മിലുള്ള ആശയവിനിമയം, മാർഗനിർദേശങ്ങൾ പരിശോധിക്കൽ. മരുന്നുകളെ കുറിച്ചുള്ള വിശദാംശങ്ങൾ തേടല്‍, ടെലിമെഡിസിൻ ആവശ്യങ്ങൾ, അങ്ങനെ നിരവധി കാരണങ്ങളാല്‍ മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് നിയന്ത്രിക്കണമെന്നും അല്ലെങ്കിൽ വൈറസ് വ്യാപനത്തിന് സാധ്യത വർധിക്കുമെന്നും ബിഎംജെ ഗ്ലോബൽ ഹെൽത്ത് ജേർണലിൽ വന്ന ലേഖനത്തിൽ വ്യക്തമാക്കുന്നു.

മൊബൈൽ ഫോൺ പ്രതലത്തിൽ നിന്നും കൊവിഡ് ബാധിക്കുന്നതിനുള്ള സാധ്യത വളരെയധികമാണ്. ഫോൺ പ്രതലത്തിൽ വൈറസ് ഇരുന്നാൽ അതിന് നേരിട്ട് കണ്ണ്, മൂക്ക്, വായ എന്നീ അവയവങ്ങളിലേക്ക് എത്തിച്ചേരാം. ആരോഗ്യ പ്രവർത്തകർ കൈകൾ തുടർച്ചയായി അണുവിമുക്തമാക്കുന്നുണ്ടെങ്കിലും ഓരോ അഞ്ച് മിനുട്ട് മുതൽ രണ്ട് മണിക്കൂർ വരെ വ്യത്യാസത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. മൊബൈൽ ഫോണുകൾ അണുവിമുക്തമാക്കാൻ പലരും ശ്രദ്ധിക്കാറുമില്ല.

കൊവിഡ് തടയാൻ ലോകാരോഗ്യസംഘടന അടക്കം മാർഗനിർദേശങ്ങൾ തന്നിട്ടുണ്ടെങ്കിലും ഒന്നിലും മൊബൈൽ ഫോൺ ഉപയോഗത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. മൊബൈൽ ഫോണിലൂടെ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് ഡോക്ടർമാർ വാദിക്കുന്നത്. ഇത് നിയന്ത്രിച്ചാൽ ആരോഗ്യപ്രവർത്തകരിൽ രോഗബാധ ഉണ്ടാക്കിയേക്കാവുന്ന ഒരു കാരണത്തെ പ്രതിരോധിക്കാനാകുമെന്നും ഡോക്ടർമാർ ലേഖനത്തിൽ പറയുന്നു.

Leave a Comment