വീട്ടുമുറ്റത്ത് പച്ചക്കറികള്‍ കൊണ്ട് ജൈവവേലിയുമായി വീട്ടമ്മ കയ്യടി നേടുന്നു

വീടിനും പറമ്പിനും ചുറ്റും വേലിയും മതിലും കെട്ടുന്ന രീതി നമുക്കെല്ലാമുണ്ട്. എന്നാല്‍ പച്ചക്കറികള്‍ കൊണ്ടു വീടിന് വേലി തീര്‍ത്തിയിരിക്കുകയാണ് വയനാട് തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ പനവല്ലി മലയില്‍ ബീനയെന്ന വീട്ടമ്മ. പത്ത് വര്‍ഷത്തോളമായി പച്ചക്കറി കൃഷിയില്‍ വ്യാപൃതരാണ് പനവല്ലി മലയില്‍ കുടുംബം.

പ്ലാസ്റ്റിക് ചാക്കില്‍ പച്ചക്കറി

വീട്ടു മുറ്റത്തിന്റെ ഇരുവശത്തും പ്രത്യേക മാതൃകയില്‍ പ്ലാസ്റ്റിക്ക് ചാക്ക് കൗതുകമാകുന്ന തരത്തില്‍ അടുക്കിവെച്ചാണ് തീര്‍ത്തും ജൈവരീതിയില്‍ പച്ചക്കറി വിളയിക്കുന്നത്. വീട്ടിലേക്ക് ആര് അഥിതിയായി വന്നാലും വിസ്മയിക്കുന്ന കാഴ്ച്ചയാണ് തെളിയുക. വീടിന്റെ മുന്‍ഭാഗം മുഴുവന്‍ പച്ചക്കറി ചെടികളാണ്. ചാക്ക് പാതി മുറിച്ച് അതില്‍ മണ്ണ് നിറച്ചാണ് കൃഷി.

പയര്‍ മുതല്‍ ഉള്ളി വരെ

പയര്‍, വഴുതന, പച്ചമുളക് , വെണ്ട, തക്കാളി, കാബേജ,് ചീര എന്നിവ കൃഷി ചെയ്യുന്നത്. തുവര പരിപ്പും ഉള്ളിയും കൃഷി ചെയ്യാനുള്ള പരീക്ഷണം തുടങ്ങിക്കഴിഞ്ഞതായും ബീന പറഞ്ഞു. പത്ത് വര്‍ഷത്തോളമായി വീടാവിശ്യത്തിനുള്ള വിഷരഹിത പച്ചക്കറി ഇവര്‍ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ ലോക്ഡൗണ്‍ സമയത്ത് വിളവെടുക്കുമ്പോഴെല്ലാം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്കും ബീന പച്ചക്കറി നല്‍കുന്നുണ്ട്. അമ്മ യശോദയും വൈദ്യുതി വകുപ്പില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് എം.ജി. രാമചന്ദ്രനും മക്കളായ അബിജിത്തും അമൃതയും ബീനയുടെ കൃഷിക്ക് പിന്തുണയായി കൂടെയുണ്ട്.

Leave a Comment