“നാട്ടിലെത്താന്‍ എനിക്ക് കൊതിയാകുന്നു, ഇവിടെ ചികിത്സ പോലും കിട്ടുന്നില്ല”, ബ്രിട്ടനിൽ നിന്നും നടി ശ്രീകലയുടെ ആശങ്ക

ലോകം മുഴുവന്‍ കോവിഡ് 19 ഭീതിയിലാണ്. രോഗബാധ തടയാനായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും വീടുകളില്‍ തുടരുകയാണ്. മാത്രമല്ല വിദേശങ്ങളില്‍ പലരും കുടുങ്ങി കിടക്കുകയാണ്. സ്വദേശത്തേക്ക് മടങ്ങാനോ ഉറ്റവരെ ഒരു നോക്ക് കാണാനോ സാധിക്കാത്തവരുണ്ട്. സീരിയല്‍ നടി ശ്രീകലയുടെ കാര്യവും അങ്ങനെ തന്നെയാണ്. ഭര്‍ത്താവിനൊപ്പം യുകെയിലാണ് ശ്രീകല കഴിയുന്നത്. നാട്ടിലെത്താന്‍ കൊതിയാകുന്നു എന്നാണ് ശ്രീകല പറയുന്നു.

യുകെയില്‍ കോവിഡ് സംഹാര താണ്ഡവമാടുന്ന സ്ഥലത്താണ് ശ്രീകലയുള്ളത്. നഗരത്തില്‍ നിന്നും മാറിയുള്ള സ്ഥലത്താണ് ഫ്‌ലാറ്റ്. നാട്ടിലെ പോലെയല്ല ഇവിടെ. സ്വകാര്യതയ്ക്ക് വളരെ പ്രാധാന്യം കൊടുക്കുന്നവരാണ്. സ്വന്തം ഫ്‌ലാറ്റില്‍ പോലും അനാവശ്യമായി ഒച്ചയുണ്ടാക്കാന്‍ പാടില്ല. വന്ന സമയത്ത് തന്റെ നൃത്തം പ്രാക്ടീസ് ചെയ്തിരുന്നു. അതു പോലും പ്രശ്‌നമായിരുന്നു.

കൊവിഡ് പ്രതിസന്ധി ഇവിടെ രൂക്ഷമാണ്. ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുന്നു. ഇവിടെ പലര്‍ക്കും ചികിത്സ പോലും കിട്ടുന്നില്ല. രോഗം വന്നാല്‍ വീട്ടിലിരിക്കണം. പാരസെറ്റാമോള്‍ കഴിച്ചൊക്കെ മുന്നോട്ട് പോകേണ്ടി വരുന്നു. രോഗം മൂര്‍ച്ഛിച്ച് മരണത്തിന്റെ വക്കിലെത്തുമ്പോള്‍ മാത്രമേ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യുകയുള്ളൂവെന്ന് ശ്രീകല പറയുന്നു.

ഇതൊക്കെ കാണുമ്പോള്‍ കണ്ണുനിറയുന്നു, നാട്ടിലെത്താന്‍ തോന്നുന്നു. ഫ്‌ലാറ്റിനുള്ളില്‍ അടച്ചിരിപ്പാണ്. രാത്രി ആകുമ്പോള്‍ ഫ്‌ലാറ്റിന്റെ താഴെ കുറച്ച് നേരം നടക്കും. അത് മാത്രമാണ് ഒരു ആശ്വാസം. എങ്ങനെയെങ്കിലും ആരോഗ്യത്തോടെ നാട്ടിലെത്തിയാല്‍ മതിയെന്നാണ് പ്രാര്‍ത്ഥനയെന്നും ശ്രീകല പറയുന്നു.

Leave a Comment