വധശിക്ഷ 5.30ന് തന്നെ. നിർഭയ കേസിലെ പ്രതികളുടെ ഒടുവിലെ നീക്കവും പരാജയം. ഇത് നിർഭയയുടെ നീതി

തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടാനുള്ള നിര്‍ഭയാ കേസിലെ പ്രതികളുടെ അവസാന വഴിയും അടഞ്ഞു. പ്രതിയായ പവന്‍ ഗുപ്തയ്ക്ക് വേണ്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. പവന്‍ ഗുപ്തയുടെ ദയാഹര്‍ജി തള്ളിയതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.  പ്രധാനമായും അഞ്ച് വാദങ്ങളാണ് അഭിഭാഷകര്‍ ഉന്നയിച്ചത്. വിചാരണക്കോടതിയുള്‍പ്പെടെ തള്ളിക്കളഞ്ഞ വാദങ്ങളാണ് വീണ്ടും അവതരിപ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. 

പവന്‍ ഗുപ്തയ്ക്ക് കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദമാണ്. ഇത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടതാണെന്ന് കോടതി നിലപാടെടുത്തു. ജയിലില്‍ വെച്ച് പവന്‍ ഗുപ്തയെ ആക്രമിച്ചു വാദമാണ് രണ്ടാമതുയര്‍ന്നത്. എന്നാല്‍ ഇത് നിലനിന്നാല്‍ പോലും ദയാഹര്‍ജി തള്ളിയതിനെതിരായ ഹര്‍ജിയില്‍ ഈ വാദത്തിന് അടിസ്ഥാനമില്ലെന്ന് കോടതി പറഞ്ഞു. പവന്‍ ഗുപ്തയ്ക്ക് ആവശ്യമായ ചികിത്സ കിട്ടിയില്ല എന്നതായിരുന്നു മൂന്നാമത്തെ വാദം. ഇതിന് അടിസ്ഥാനമില്ലെന്ന് കോടതി നിലപാടെടുത്തു. നാലാമതായി പവന്‍ ഗുപ്ത നല്‍കിയ കേസ് മറ്റൊരു കോടതിയില്‍ നിലനില്‍ക്കുന്നുവെന്നതാണ്. അതും കോടതി അംഗീകരിച്ചില്ല. നിര്‍ഭയയെ കൊല്ലണമെന്ന ഉദ്ദേശം മറ്റ് പ്രതികളേപ്പോലെ പവന്‍ ഗുപ്തയ്ക്ക് ഉണ്ടായിരുന്നില്ലെന്നതായിരുന്നു അവസാനത്തെ വാദം. എന്നാല്‍ അതും കോടതി നിരാകരിച്ചു. ദയാഹര്‍ജി തള്ളിയതിനെതിരായ ഹര്‍ജിയില്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് കോടതി കണ്ടെത്തി.

അതിനാല്‍ ഹര്‍ജി നിലനില്‍ക്കാന്‍ ഒരു കാരണവും കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അരമണിക്കൂറോളം നീണ്ട അസാധാരണ വാദത്തിന് ശേഷം സുപ്രീം കോടതി ഉത്തരവിറക്കിയത്. വധശിക്ഷ പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും പ്രതികളുടെ ഹര്‍ജി തള്ളുന്നതായും കോടതി ഉത്തരവിറക്കി. മാത്രമല്ല ഇതോടുകൂടി നിര്‍ഭയാ കേസിലെ എല്ലാ നിയമ നടപടികളും അവസാനിക്കുന്നുവെന്നും കോടതി അറിയിച്ചു.

അവസാന വഴിയും അടഞ്ഞതോടെ നിര്‍ഭയാ കേസിലെ പ്രതികളുടെ വധശിക്ഷ നിശ്ചയിച്ച സമയത്ത് തന്നെ പുലര്‍ച്ചെ 5.30ന് നടക്കുമെന്ന് ഉറപ്പായി. നേരത്തെ മരണവാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയേയും ഡല്‍ഹി ഹൈക്കോടതിയേയും പ്രതികള്‍ സമീപിച്ചിരുന്നു. ഇവിടെനിന്ന് ഹര്‍ജികള്‍ തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിക്കുകയും ഹര്‍ജി തള്ളുകയുമുണ്ടായത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരായിരുന്നു. നിര്‍ഭയയുടെ അമ്മ കോടതിക്ക് മുന്നില്‍ വിധിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു.

ജസ്റ്റിസ് ആര്‍. ഭാനുമതി, ജസ്റ്റിസ് ബൊപ്പണ്ണ, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹൈക്കോടതി വിധിക്കെതിരെ രാത്രി 12 മണിയോടെയാണ് അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന മൂന്നുമണിയോടെ വാദം തുടങ്ങുകയും ചെയ്തു.

Leave a Comment