രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനുള്ള കാരണം മോഹൻലാലിനോട് വെളിപ്പെടുത്തി രജിത് കുമാർ

ബിഗ് ബോസ് മലയാളം പ്രേക്ഷകര്‍ക്കിടയില്‍ കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും വലിയ ചര്‍ച്ചയായിരുന്നു വീക്ക്‌ലി ടാസ്‌കിനിടെ രജിത് കുമാര്‍ ചെയ്ത പ്രവര്‍ത്തി. ഉടന്‍തന്നെ ബിഗ് ബോസ് താല്‍ക്കാലികമായി പുറക്കാത്തിയ രജിത് കുമാര്‍ ഷോയിലേക്ക് തിരിച്ചെത്തുമോ എന്നതായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും വലിയ സംസാരവിഷയം. മോഹന്‍ലാല്‍ എത്തിയ ഇന്നത്തെ എപ്പോസോഡില്‍ ഇക്കാര്യം അദ്ദേഹം രജിത്തിനോട് സംസാരിച്ചു. ചോദ്യങ്ങള്‍ ചോദിക്കുകയും രജിത്തിന് വിശദീകരിക്കാന്‍ അവസരം കൊടുക്കുകയും ചെയ്തു. ആ സംസാരം ഇങ്ങനെ ആയിരുന്നു.

‘എന്തുകൊണ്ടാണ് ഇവിടെ നില്‍ക്കുന്നതെന്ന് രജിത്തിന് അറിയാം. എന്താണ് സംഭവിച്ചതെന്ന് ഒരുപക്ഷേ രജിത്തിന് അറിയില്ല. അത് ലോകം മുഴുവന്‍ കണ്ടതാണ്. എന്തുകൊണ്ട് അത് സംഭവിച്ചുവെന്ന് ഞങ്ങള്‍ക്കും പറയാന്‍ പറ്റുന്നില്ല. ഞങ്ങളും ബിഗ് ബോസിലെ കുടുംബാംഗങ്ങളും ഒക്കെ ഒരു ഷോക്കിലാണ്. എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടുനോക്കൂ’, എന്ന് പറഞ്ഞശേഷം ആ സംഭവത്തിന്റെ വീഡിയോ മോഹന്‍ലാല്‍ രജിത്തിന് മുന്നില്‍ പ്ലേ ചെയ്യുകയായിരുന്നു. പിന്നീട് മോഹന്‍ലാല്‍ നേരിട്ട് ചോദിച്ചു, ‘ഒരുപാട് പേരുടെ ചോദ്യമാണ്, എന്തിനാണ് രജിത് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്തത്?’

അധ്യാപകനായ രജിത് ഒരിക്കലും ഇത്തരമൊരു പ്രവര്‍ത്തി ചെയ്യില്ല എന്നായിരുന്നു രജിത്തിന്റെ ആദ്യ മറുപടി. എന്നാല്‍ ചോദ്യത്തിന് മാത്രം മറുപടി പറഞ്ഞാല്‍ മതിയെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. തുടര്‍ന്ന് രജിത് തന്റെ ഭാഗം പറയാന്‍ ആരംഭിച്ചു. ‘വികൃതിയായ വിദ്യാര്‍ഥി എന്നതായിരുന്നു ബിഗ് ബോസ് തന്ന ടാസ്‌ക്. അതിന് പോയിന്റ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ വികൃതി ആവുക എന്നതായിരുന്നു ലക്ഷ്യം. തന്ന കഥാപാത്രം ഏറ്റവും നന്നായി പ്രകടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ എനിക്ക് പറ്റിയ തെറ്റാണ് അത്’, രജിത് പറഞ്ഞു.

രേഷ്മയുടെ കണ്ണിന് അസുഖമാണെന്ന് അറിയാമായിരുന്നിട്ടും അത്തരമൊരു പ്രവര്‍ത്തി നടത്തിയതിലെ അസ്വാഭാവികത മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി. ‘ഒരു പ്രധാനപ്പെട്ട കാര്യം ആ കുട്ടിക്ക് കണ്ണിനസുഖമാണെന്ന് നിങ്ങള്‍ക്ക് അറിയാം. കഴിഞ്ഞ ദിവസങ്ങളില്‍ ആ കുട്ടി അതിനെക്കുറിച്ചൊക്കെ നിങ്ങളോട് വിശദമായി പറഞ്ഞെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതിന് ശേഷമാണ് ഇത്തരമൊരു പ്രവര്‍ത്തി ചെയ്തത്. അത്ര ബുദ്ധിയില്ലാത്ത ആളാണോ നിങ്ങള്‍? അതിനെക്കുറിച്ച് ആലോചിക്കണ്ടേ? വേറെ ആരോടെങ്കിലും ഇത് ചെയ്യുമായിരുന്നോ?’, മോഹന്‍ലാല്‍ ചോദിച്ചു.

അതിന് രജിത്തിന്റെ മറുപടി ഇങ്ങനെ.. ‘പാഷാണം ഷാജി, രഘു.. ഇങ്ങനെയാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്. ഒരു തിരക്കഥ തയ്യാറാക്കിയിരുന്നു. ഈ ടാസ്‌ക് ഏറ്റവും നന്നാക്കുക എന്ന ലക്ഷ്യത്തിന്. ഈ കൈയ്യുടെ (വലതുകൈ ഉയര്‍ത്തി കാണിക്കുന്നു) സംരക്ഷണം എന്നതുകൂടി ഉണ്ടായിരുന്നു. കഴിഞ്ഞ ടാസ്‌കുകളില്‍ ഇവരെല്ലാംകൂടി പിടിച്ച് ഒടിച്ചതാണ്. രഘുവിനോടും പാഷാണം ഷാജിയോടും ഞാന്‍ പറഞ്ഞിരുന്നു നമുക്ക് ഒരു ഏറ്റുമുട്ടല്‍ വേണ്ടിവരുമെന്ന്. അവര്‍ പിടിക്കുകയാണെങ്കില്‍ അവര്‍ക്കുനേരെ ഇതുപയോഗിക്കുക എന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ കുട്ടി എത്തിച്ചേര്‍ന്നപ്പോള്‍ ഈ ക്യാരക്ടര്‍ ഏറ്റവും നന്നാക്കാന്‍ ചെയ്തുപോയതാണ്. മുളക് കൂടാതെ ബീറ്റ്‌റൂട്ടും ബലൂണും ഒക്കെ കയ്യില്‍ കരുതിയിരുന്നു. കൂടുതല്‍ വികൃതിയായ കുട്ടിയായി കൂടുതല്‍ പോയിന്റ് നേടുക എന്നതായിരുന്നു ലക്ഷ്യം. ചെയ്തത് തെറ്റാണ്. അതിനെ ഒരിക്കലും ഞാന്‍ ന്യായീകരിക്കുന്നില്ല. അക്ഷന്തവ്യമായ തെറ്റാണ്. ഒരിക്കലും പാടില്ലാത്തതാണ്. പക്ഷേ വികൃതിക്കുട്ടി എന്ന നിലയില്‍ ഞാനത് ചെയ്തു. പിന്നീട് പരസ്യമായി മാപ്പും ചോദിച്ചു. എല്ലാവരും എന്നോട് ക്ഷമിച്ചു, പ്രധാനാധ്യാപികയായ ആര്യ എന്നെ തിരിച്ചുവിളിച്ച് ഇരുത്തുകയും ചെയ്തു. അപ്പോഴാണ് പുറത്താക്കുകയാണെന്ന കാര്യം ബിഗ് ബോസ് അറിയിച്ചത്’, രജിത് പറഞ്ഞു.

പശ്ചാത്താപമുണ്ടോ എന്നായിരുന്നു മോഹന്‍ലാലിന്റെ അടുത്ത ചോദ്യം. ‘പശ്ചാത്താപമുണ്ടെന്ന് മാത്രമല്ല, രേഷമയെ കണ്ട് മാപ്പ് ചോദിച്ചിട്ട് പോകണമെന്ന് വിചാരിച്ചാണ് ഞാന്‍ നിന്നത്’, രജിത്തിന്റെ മറുപടി. മോഹന്‍ലാലിന്റെ അടുത്ത ചോദ്യം ഇങ്ങനെ- ‘ചില സമയങ്ങളില്‍ നിങ്ങള്‍ ഒരു സൂപ്പര്‍ഹീറോ ആവും, ഞങ്ങള്‍ എല്ലാം നോക്കിക്കോളാം, സംരക്ഷിച്ചോളാം എന്നൊക്കെ പറയും. അതിനുശേഷം ഇങ്ങനെയൊരു അവസരം വരുമ്പോള്‍ ഇരയുമാവും, അത് തന്ത്രപ്രധാനമൊയ ഒരു കാര്യമാണ്. ഇപ്പോള്‍ ഇരയായിട്ടാണ് സംസാരിക്കുന്നത്. ഇത് സത്യസന്ധമായിട്ടാണോ പറയുന്നത്?’, മോഹന്‍ലാല്‍ ചോദിച്ചു.

ഹൃദയത്തില്‍ നിന്ന് വരുന്നതാണെന്ന് രജിത്തിന്റെ മറുപടി. ‘ഹൃദയത്തില്‍ നിന്നാണ് ലാലേട്ടാ. കഴിഞ്ഞ ഒരു അഞ്ച് ദിവസംകൊണ്ട് യഥാര്‍ഥത്തില്‍ പശ്ചാത്താപത്തിന്റെ അഗ്നിയില്‍ എരിയുകയായിരുന്നു. ദൈവത്തിനോട് പ്രാര്‍ഥിച്ചിരുന്നു. മുളക് എന്ന് പറയുന്നത് വലിയ പ്രശ്‌നമുള്ള കാര്യമല്ലെന്ന് ബയോളജി പഠിപ്പിക്കുന്ന എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ ആ കുട്ടിയുടെ കണ്ണ് പ്രശ്‌നമുള്ളതാണ്. പെണ്‍കുട്ടിയാണ്. ഒരിക്കലും ചെയ്യാന്‍ പാടുള്ളതല്ല. ആ കുട്ടിയോട് പറയാന്‍ വച്ചത് ഇത്രേയുള്ളൂ. നെഗറ്റീവ് ഒന്നും ഉണ്ടാവില്ല. ഇനി ഉണ്ടായാല്‍ എന്റെ രണ്ട് കണ്ണുകളും ആ കുട്ടിക്ക് ദാനം ചെയ്യാന്‍ ശങ്കര നേത്രാലയത്തില്‍ പോവാനും ഇരിക്കുകയായിരുന്നു. അറിഞ്ഞുകൊണ്ട് ചെയ്തതല്ല. ടാസ്‌ക് ഏറ്റവും നന്നാക്കുക എന്ന ഒറ്റ ലക്ഷ്യമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ’, രജിത് പറഞ്ഞു.

ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചുപോയാല്‍ കുടുംബാംഗങ്ങള്‍ പഴയ സ്‌നേഹത്തോടെ സ്വീകരിക്കുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു മോഹന്‍ലാലിന്റെ അടുത്ത ചോദ്യം. ഉറച്ച വിശ്വാസമുണ്ടെന്നും രേഷ്മയും തന്നെ സ്വീകരിക്കുമെന്നും രജിത് പറഞ്ഞു. പലരും സംശയം പ്രകടിപ്പിക്കുന്നത് പോലെ ബിഗ് ബോസ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയോടെ നടത്തുന്ന പരിപാടി ആണോയെന്നും ഈ ദിനങ്ങളില്‍ രജിത് എവിടെ ആയിരുന്നുവെന്നും ലാല്‍ ചോദിച്ചു. ‘തീര്‍ച്ഛയായും സ്‌ക്രിപ്റ്റഡ് ആയിട്ടുള്ള ഒരു പരിപാടിയല്ല ബിഗ് ബോസ്. മൊബൈലോ ടിവിയോ ഒന്നുമില്ലാതെ ബിഗ് ബോസിന്റെ തടവറയില്‍, അതായത് അടച്ചിട്ട ഒരു മുറിയില്‍ ആയിരുന്നു ഈ ദിവസങ്ങളില്‍ ഞാന്‍. ഭക്ഷണം മാത്രം കൃത്യസമയത്ത് കിട്ടിയിരുന്നു’, രജിത് പറഞ്ഞുനിര്‍ത്തി.

Leave a Comment