ഐസലേഷനിലുള്ള ചെങ്ങളം സ്വദേശിയുടെ അയൽക്കാരൻ മരിച്ചു. സ്രവം പരിശോധനയ്ക്ക് അയച്ചു

മെഡിക്കൽ കോളജിൽ ഐസലഷൻ വാർഡിൽ കഴിയുന്ന ചെങ്ങളം സ്വദേശിയുടെ അയൽക്കാരൻ മരിച്ചു. ഇതോടെ ചെങ്ങളത്ത് കനത്ത ജാഗ്രതയും ആശങ്കയുമായി. കൊറോണ വൈറസ് ബാധിച്ച ഇറ്റലിക്കാരന്റെ മരുമകനായ ചെങ്ങളം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ (പ്രൈമറി കോൺടാക്ട്) യുവാവിന്റെ പിതാവാണു മരിച്ചത്. പരേതനെ ആരോഗ്യ വകുപ്പ് സെക്കൻഡറി കോൺടാക്ടായി ലിസ്റ്റ് ചെയ്തിരുന്നു. പ്രത്യേകിച്ച് അസുഖം ഇല്ലാതിരുന്ന ഇയാൾ ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു.

ആരോഗ്യ വകുപ്പ് അയച്ച ആംബുലൻസിൽ കയറ്റിയെങ്കിലും മെഡിക്കൽ കോളജിൽ എത്തുന്നതിനു മുൻപ് മരിച്ചു. സ്രവങ്ങൾ കൊറോണ വൈറസ് പരിശോധനയ്ക്ക് അയച്ചു. 2 ദിവസം കഴിഞ്ഞേ സ്ഥിരീകരണം വരൂ. അതേസമയം, കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എടുത്ത് സുരക്ഷാ സൗകര്യങ്ങൾ ഉറപ്പാക്കിയാണു മൃതദേഹം സംസ്കരിക്കുക.

പ്രദേശത്തുനിന്നു ജനങ്ങളെ ഒഴിപ്പിച്ചു. ബന്ധുക്കളോടു മൃതദേഹത്തിൽനിന്ന് അകലം പാലിക്കാൻ നിർദേശിച്ചു. സംസ്കാരത്തിൽ അധികമാരും പങ്കെടുക്കാൻ പാടില്ലെന്നും അറിയിപ്പുണ്ട്. അല്പസമയത്തിനകം പോസ്റ്റ്മോർട്ടം നടക്കും. ചെങ്ങളം സ്വദേശിയുടെ വീടിന്റെ നേരെ മുന്നിലെ വീടാണ് പരേതന്റേത്. ഇവർക്ക് കടയുണ്ട്. ഈ കടയിൽ രോഗം ബാധിച്ച ചെങ്ങളം സ്വദേശി സ്ഥിരമായി ഇടപെടുന്നതാണ്.

Leave a Comment