വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, തീയേറ്ററുകള്‍ അടച്ചിടണം, ഉത്സവങ്ങള്‍ ഒഴിവാക്കണം

കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാര്‍ച്ച് 31 വരെ പഠന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒഴികെ മറ്റെല്ലാ വിദ്യാര്‍ഥികളും നിശ്ചയിച്ച പരീക്ഷകള്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയില്‍ പെട്ടുകഴിഞ്ഞ സാഹചര്യത്തിലാണ്. സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 15 ആയെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. ഇതില്‍ മൂന്നു പേരുടെ രോഗം മാറി. ചികിത്സയിലുള്ള 12 പേരില്‍ നാലു പേര്‍ ഇറ്റലിയില്‍നിന്ന് വന്നവരും എട്ടുപേര്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 1116 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 967 പേര്‍ വീടുകളിലാണ്. 149  പേര്‍ ആശുപത്രികളിലുണ്ട്. സംശയിക്കുന്ന 807 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ 717 സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു. ബാക്കി ഫലങ്ങള്‍ വരാനുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. സര്‍ക്കാരിനൊപ്പം ജനങ്ങളും വിവിധ വകുപ്പുകളും ഒത്തൊരുമിച്ച് രംഗത്തിറങ്ങേണ്ടതുണ്ട്. എല്ലാ ബഹുജന സംഘടനകളും ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങണം. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. ശക്തമായ ഇടപെടല്‍ തുടരും. നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളില്‍ മാര്‍ച്ച് മാസം പൂര്‍ണമായും അടച്ചിടും. 

എട്ട്, ഒമ്പത് ക്ലാസുകളില്‍ പരീക്ഷ നടക്കും. ഇപ്പോള്‍ എസ്.എസ്.എല്‍.സി. പരീക്ഷക്കയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ജാഗ്രതയോടെയാവും ഈ പരീക്ഷകളും നടത്തുക. എന്നാല്‍ എട്ട്, ഒമ്പത് ക്ലാസുകള്‍ ഈ മാസം ഇനി സ്‌കൂളില്‍ പ്രവര്‍ത്തിക്കില്ല. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി എല്ലാവര്‍ക്കും ഇതു ബാധകമാണ്. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള കേളേജുകള്‍ക്ക് മാര്‍ച്ച് മാസം അടച്ചിടേണ്ടതായിട്ടുണ്ട്.

എസ്.എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടക്കും. പരീക്ഷകള്‍ എഴുതുന്നവരില്‍ നിരീക്ഷണത്തില്‍ ഉള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക മുറിയില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. അവര്‍ക്ക് സേ പരീക്ഷയെഴുതാനേ സാധിക്കു. 

ഇതോടൊപ്പം ഈ മാസം സ്‌പെഷ്യല്‍ ക്ലാസുകള്‍, ട്യൂഷന്‍ ക്ലാസുകള്‍  തുടങ്ങിയവയെല്ലാം ഒഴിവാക്കണം. മദ്രസകള്‍, അംഗന്‍വാടികള്‍, ട്യൂട്ടോറിയലുകള്‍ തുടങ്ങിയവ മാര്‍ച്ച് 31 വരെ അടച്ചിടണം. അഗന്‍വാടികളില്‍ പോകുന്ന കുട്ടികള്‍ക്ക് അവിടെനിന്ന് നല്‍കുന്ന ഭക്ഷണം വീടുകളിലെത്തിച്ച് നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷ ഒഴികെ മറ്റ് പഠന പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31 വരെ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ധാരാളം ഉത്സവങ്ങളുടെ കാലമാണ്. ഈയൊരു സാഹചര്യത്തില്‍ ജനങ്ങള്‍ ഒത്തുചേരുന്നത് ദോഷകരമാണ്. രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാല്‍ ഇത്തരം ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ആഘോഷങ്ങളും ഒഴിവാക്കണം. സിനിമാ തീയേറ്ററുകള്‍ അടച്ചിടണം, വിവാഹം മാറ്റിവെക്കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ ആളുകള്‍ കൂടാത്ത തരത്തില്‍ ചടങ്ങുകളായി മാത്രം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമാക്കണം. ശബരിമലയില്‍ ആവശ്യമായ പൂജകളും ചടങ്ങുകളും നടത്താം. എന്നാല്‍ ദര്‍ശനത്തിന് ഈ ഘട്ടത്തില്‍ ആളുകള്‍ പോകാതിരിക്കണം. സ്‌കൂളുകളില്‍ വാര്‍ഷികങ്ങള്‍, കലാപരിപാടികള്‍, ആഘോഷങ്ങള്‍ എന്നിവ ഒഴിവാക്കണം. സര്‍ക്കാര്‍ ഓഫീസുകളില്‍ രോഗ പ്രതിരോധത്തിനുള്ള നടപടികള്‍ സ്വീകരിക്കണം. ഇതിനായി സാനിറ്റൈസര്‍ ഉപയോഗിക്കുന്ന ശീലം ഉണ്ടാകണം. 

സര്‍ക്കാരിന്റെ പൊതുപരിപാടികള്‍ ഈ മാസം ഉണ്ടാകില്ല. എല്ലാം റദ്ദാക്കുകയാണ്. ഇറ്റലി, ഇറാന്‍, ചൈന, സൗത്ത് കൊറിയ, സിങ്കപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വമേധയാ മുന്‍കരുതല്‍ എടുക്കണം. അത്തരക്കാര്‍ വീടുകളിലോ ഹോട്ടലുകളിലോ മറ്റാളുകളെ സ്വീകരിക്കുകയോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. വിദേശ പൗരന്മാര്‍ സ്റ്റേറ്റ് സെല്ലിനെ വിവരം അറിയിക്കണം. വിവരങ്ങള്‍ മറച്ചുവെക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. 

നേരിയ അനാസ്ഥ പോലും നാടിനെയാകെ പ്രതിസന്ധിയില്‍ പെടുത്തും എന്നതാണ് മുന്നിലുള്ള അനുഭവം.സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമല്ല, സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും. കൂടുതല്‍ രോഗികള്‍ വരുന്നതനുസരിച്ച് ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിമാനത്താവളത്തിലും പുറത്തുനിന്ന് ആളുകള്‍ എത്തുന്ന മറ്റ് യാത്രാമാര്‍ഗങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്തും. എയര്‍പോര്‍ട്ടുകളിലേക്ക് ഇതിനാവശ്യമായി കൂടുതല്‍ സ്റ്റാഫിനെ നല്‍കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വാര്‍ഡ് മെമ്പര്‍മാരുടേയും ആശാ വര്‍ക്കര്‍മാരുടേയും സഹായത്തോടെ കോവിഡ് 19 രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നിട്ടുള്ളവരുണ്ടോയെന്ന് കണ്ടെത്താന്‍ നിരീക്ഷണസംവിധാനം  ശക്തിപ്പെടുത്തും. ഇതിന് നഗര പ്രദേശത്ത് റസിഡന്‍സ് അസോസിസിയേഷന്റെ സഹായം ലഭ്യമാക്കും.

ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറമെ സാമ്പിളുകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.  ടെസ്റ്റിങ് ലാബുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സര്‍ട്ടിഫിക്കറ്റ് നിഷ്‌കര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുവാനും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നിര്‍ദേശങ്ങളല്ലാതെ വാര്‍ത്ത പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയെടുക്കും.

വിദേശങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഇന്നത്തെ സാഹചര്യത്തില്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇന്റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇന്റര്‍നെറ്റ് കിട്ടാനും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment