ശിവരാത്രി വ്രതം എപ്രകാരം ആചരിക്കണം.. ലഭിക്കുന്ന ഗുണങ്ങൾ അറിയാം

പ്രദോഷദിനത്തിൽ ഒരിക്കലോടെ  വ്രതം ആരംഭിക്കാം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല . പകലുറക്കം , എണ്ണതേച്ചുകുളി, തലേന്നത്തെ ആഹാരം  ഇവ അരുത് . ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി “ഓം നമ: ശിവായ” ജപിച്ചു ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്ര ദർശനം നടത്തുക. ശിവരാത്രി ദിനത്തിൽ പൂർണ  ഉപവാസമാണ് നന്ന് . അതിനു സാധിക്കാത്തവർ ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാവുന്നതാണ്. ആരോഗ്യ സ്ഥിതി അനുസരിച്ചു ആഹാരം ഉപേക്ഷിക്കാൻ സാധിക്കാത്തവർ ഒരിക്കലോടെ വ്രതം അനുഷ്ഠിക്കാം. അമിത ഭക്ഷണം ആവരുത്. ഉച്ചക്ക് ക്ഷേത്രത്തിൽ നിന്ന് നേദിച്ച വെള്ള നിവേദ്യം കഴിച്ചും വ്രതം അനുഷ്ഠിക്കാം .  അന്നേദിവസം ശിവപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ് . അതിൽ ഏറ്റവും പ്രധാനമാണ് ദാനം. അന്നദാനമാണെങ്കിൽ അത്യുത്തമം . ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും പരിപാലിക്കുന്നതും ശിവപ്രീതികരമാണ്. രാത്രി പൂർണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥം സേവിച്ച് പാരണ വിടാം. ശേഷം പകലുറക്കം പാടില്ല. പുല വാലായ്മ പോലുള്ള അശുദ്ധി കാലങ്ങളിൽ വ്രതം അനുഷ്ഠിക്കരുത്. കൂടാതെ ആർത്തവം കഴിഞ്ഞു 7 ദിവസത്തിന് ശേഷം വ്രതം അനുഷ്ഠിക്കാം.

ശിവരാത്രി ദിനത്തിൽ വൈകുന്നേരം ശിവക്ഷേത്രത്തിൽ‌ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്ക്കരിക്കുന്നതും നന്ന്. ശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു.

Leave a Comment