നാല് വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം അമ്മ പരാജയപ്പെടുത്തി. വീഡിയോ കാണാം

നാല് വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം അമ്മ പരാജയപ്പെടുത്തി. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. കുട്ടിയുടെ പിതൃസഹോദരനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. 35 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെടാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ശ്രമം കുട്ടിയുടെ അമ്മ തന്നെ പരാജയപ്പെടുത്തി.

കഴിഞ്ഞ ദിവസം നാല് മണിയോടെയാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ പിതൃസഹോദരനടക്കം രണ്ട് പേർ ബൈക്കിൽ കുട്ടിയുടെ വീട്ടിലെത്തി. കൂട്ടത്തിൽ ഒരാൾ കുട്ടിയുടെ അമ്മയോട് വെള്ളം ചോദിച്ച് അമ്മയുടെ ശ്രദ്ധ തിരിച്ചു. ഇതിന് പിന്നാലെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ കുഞ്ഞിനെ വലിച്ച് കൊണ്ടുപോകാൻ ശ്രമിച്ചത് അമ്മ കാണുകയും സംഘത്തിനടുത്തേക്ക് യുവതി പാഞ്ഞടുത്ത് കുഞ്ഞിനെ മോചിപ്പിക്കുകയുമായിരുന്നു.

ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തുകയും രക്ഷപ്പെട്ട ആക്രമിസംഘത്തിന് പിന്നാലെ പായുകയും ചെയ്തു. എന്നാൽ സംഘത്തെ പിടികൂടാൻ സാധിച്ചില്ല. എന്നാൽ കൂട്ടത്തിലൊരാളുടെ ബാഗ് സംഭവസ്ഥലത്ത് വീണു പോയായിരുന്നു. ബാഗിൽ നിന്ന് ഒരു തോക്കും കുറച്ച് വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.