എന്തുകൊണ്ടാണ് യുവാക്കളിൽ ഹാർട്ട് അറ്റാക്ക് കൂടുന്നത്? ഇത് വരാതിരിക്കാൻ നാം എന്തല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?

ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികള്‍ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം എന്ന പേരില്‍ അറിയപ്പെടുന്നത്. Heart Attack എന്ന് ആംഗലേയ ഭാഷയിലും Myocardial Infarction (MI), Acute Myocardial Infarction (AMI) എന്നിങ്ങനെ വൈദ്യശാസ്ത്രത്തിലും അറിയപ്പെടുന്നു. ഹൃദയപേശികളില്‍ രക്തമെത്തിക്കുന്ന കൊറോണറി ധമനികളില്‍ തടസ്സമുണ്ടാകുന്നതിനാലാണ് ഇതു സംഭവിക്കുന്നത്.

പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദനയും (സാധാരണഗതിയില്‍ ഈ വേദന ഇടതു കയ്യിലേയ്‌ക്കോ കഴുത്തിന്റെ ഇടതുവശത്തേയ്ക്കോ വ്യാപിക്കുന്നതായി തോന്നും), ശ്വാസം മുട്ടല്‍, ഓക്കാനം, ഛര്‍ദ്ദി, നെഞ്ചിടിപ്പ്, വിയര്‍പ്പ്, വ്യാകുലത (അന്ത്യമടുത്തു എന്ന ചിന്തയാണ് ഉണ്ടാവുന്നതെന്ന് വിവരിക്കപ്പെട്ടിട്ടുണ്ട്) എന്നീ ലക്ഷണങ്ങളുമാണുണ്ടാകുന്നത്.സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കുറവ് രോഗലക്ഷണങ്ങളേ പ്രത്യക്ഷപ്പെടാറുള്ളൂ. ശ്വാസം മുട്ടല്‍, തളര്‍ച്ച, ദഹനസംബന്ധമായ പ്രശ്നമുള്ളതുപോലെ തോന്നുക എന്നിവയാണ് സ്ത്രീകളില്‍ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍. പ്രധാനപങ്ക് ഹൃദയാഘാതങ്ങളും (22-64%) നെഞ്ചുവേദനയുള്‍പ്പെടെയുള്ള ലക്ഷണങ്ങളൊന്നും കാണിക്കാത്ത “നിശ്ശബ്ദ” ഹൃദയാഘാതങ്ങളാണ്.

ഇലക്‌ട്രോകാര്‍ഡിയോഗ്രാം (ഇ.സി.ജി), എക്കോകാര്‍ഡിയോഗ്രാഫി, കാര്‍ഡിയാക് എം.ആര്‍.ഐ., ധാരാളം രക്തപരിശോധനകള്‍ എന്നിവ ഹൃദയാഘാതം നടന്നിട്ടുണ്ടോ എന്ന രോഗനിര്‍ണ്ണയത്തിനായി ഉപയോഗിക്കുന്നുണ്ട്. ക്രിയാറ്റിന്‍ കൈനേസ്-എം.ബി (സി.കെ.-എം.ബി.), ട്രോപോണില്‍ അളവ് എന്നിവ രക്തപരിശോധനയിലൂടെ മനസ്സിലാക്കുന്നത് രോഗനിര്‍ണ്ണയത്തിന് സഹായകമാണ്. ഓക്സിജന്‍ നല്‍കുക, ആസ്പിരിന്‍, നാക്കിനടിയില്‍ വയ്ക്കുന്ന നൈട്രോഗ്ലിസറിന്‍ എന്നിവയാണ് അടിയന്തര ചികിത്സാമാര്‍ഗ്ഗങ്ങള്‍.

ഇ.സി.ജി പരിശോധനയില്‍ എസ്.ടി. ഭാഗം ഉയര്‍ന്നതായി കാണുന്ന തരം ഹൃദയാഘാതത്തില്‍ കൊറോണറി ധമനികള്‍ തുറക്കാന്‍ ശ്രമിക്കുകയോ (പി.സി.ഐ.) കട്ടയായ രക്തം അലിയിച്ചു കളയുകയോ പോലുള്ള ചികിത്സാമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാറുണ്ട്. എസ്.ടി. ഭാഗം ഉയര്‍ന്നതായി കാണാത്ത ഹൃദയാഘാതങ്ങളെ മരുന്നുകൊണ്ട് ചികിത്സിക്കാവുന്നതാണ്. പി.സി.ഐ. ചികിത്സ ചിലപ്പോള്‍ വേണ്ടിവന്നേയ്ക്കാം. ഹൃദയധമനികളില്‍ ഒന്നിലധികം ബ്ലോക്കുകളുള്ള ആള്‍ക്കാരില്‍ (പ്രത്യേകിച്ച്‌ പ്രമേഹരോഗികളില്‍) ബൈപ്പാസ് ശസ്ത്രക്രീയ (സി.എ.ബി.ജി) പ്രയോജനപ്രദമാണ്.

രക്തയോട്ടം കുറയുന്നതും ഓക്സിജന്‍ ആവശ്യത്തിന് ലഭിക്കാതാവുന്നതും മൂലമുണ്ടാകുന്ന ഹൃദയരോഗങ്ങളായിരുന്നു (ഇസ്കീമിക് ഹാര്‍ട്ട് ഡിസീസ്) സ്ത്രീപുരുഷഭേദമന്യേ മനുഷ്യരില്‍ ഏറ്റവും പ്രധാന മരണകാരണം. ഇതിനു മുന്‍പ് ഹൃദയധമനികളില്‍ അസുഖമുണ്ടായിരിക്കുക, വാര്‍ദ്ധക്യം, പുകവലി, രക്താതിമര്‍ദ്ദം, ചില തരം കൊഴുപ്പുകള്‍ (ലോ ഡെന്‍സിറ്റി ലൈപോപ്രോട്ടീന്‍ ഇനത്തില്‍ പെട്ട കൊളസ്റ്ററോള്‍, ട്രൈഗ്ലിസറൈഡുകള്‍) രക്തത്തില്‍ കൂടുതലായി കാണപ്പെടുക, ഹൈ ഡെന്‍സിറ്റി ലൈപോപ്രോട്ടീന്‍ ഇനത്തില്‍ പെട്ട കൊളസ്റ്ററോള്‍ ആവശ്യത്തിനുണ്ടാവാതിരിക്കുക, പ്രമേഹം, വ്യായാമക്കുറവ്, പൊണ്ണത്തടി, വൃക്കകളുടെ അസുഖങ്ങള്‍, അമിതമായി മദ്യപിക്കുക, മയക്കുമരുന്നുകള്‍ (കൊക്കൈന്‍, ആംഫിറ്റമിന്‍ തുടങ്ങിയവ) ഉപയോഗിക്കുക, സ്ഥിരമായി മാനസികസമ്മര്‍ദ്ദമുണ്ടാവുക എന്നിവയെല്ലാം ഹൃദയാഘാതമുണ്ടാവാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

>

Leave a Comment