ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തി. 34 വയസായിരുന്നു മുംബൈ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ലോക്ക്ഡൗണ്‍ സമയത്ത് ഒറ്റയ്ക്കായിരുന്നു താരം വീട്ടില്‍ കഴിഞ്ഞിരുന്നത്.

വീട്ടുജോലിക്കാരനാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. സുശാന്ത് സിങ്ങിന്‍റെ മുൻ മാനേജറും സുഹൃത്തുമായ ദിശ സാലിയാൻ ഒരാഴ്ച മുമ്പ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചിരുന്നു. 

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡില്‍ കൈ പോ ചെ (2013) എന്ന നാടകചലച്ചിത്രത്തില്‍ രാജ്കുമാര്‍ റാവു, അമിത് സാദ് എന്നിവരോടൊപ്പം മൂന്നു പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു. ചേതന്‍ ഭഗത്തിന്റെ നോവലായ ദി ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫ് അടിസ്ഥാനമാക്കിയായിരുന്നു ഈ ചലച്ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള അവാര്‍ഡും ലഭിച്ചു.

എം.എസ് ധോനി അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിൽ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോനിയുടെ വേഷം അവതരിപ്പിച്ച് ഏറെ ശ്രദ്ധേയനായിരുന്നു. പി.കെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക്ക് എന്നിവയാണ് പ്രധാന ചിത്രങ്ങൾ. 

സുശാന്ത് സിങ് ആറു മാസമായി വിഷാദരോഗത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സുശാന്തിന്‍റെ സുഹൃത്തുക്കളും ഇത്തരമൊരു കാരണമാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ആത്മഹത്യ കുറിപ്പുകളൊന്നും വീട്ടിൽനിന്ന് ലഭിച്ചിട്ടില്ല.

ശനിയാഴ്ച രാത്രി സുശാന്ത് സിങ്ങും ഏറ്റവും അടുത്ത സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നതായാണ് വിവരം. ഏറെ വൈകിയാണ് ഉറങ്ങാൻ പോയത്. അതിനാൽ, രാവിലെ കാണാത്തതിൽ വീട്ടുജോലിക്കാർക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. ഉച്ചയോടെ സുശാന്തിന്‍റെ മുറിയുടെ വാതിലിൽ തട്ടി വിളിച്ചിട്ടും വിവരമൊന്നുമില്ലാതായതോടെ ജോലിക്കാരൻ വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് ബലംപ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് താരത്തെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 

Leave a Comment