‘കൊവിഡ് ഇന്ത്യയിൽ സ്ഥിതി ഗുരുതരം’; കൊറോണ ഏറ്റവും അധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തി.

കൊറോണ രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത്. കേസുകളുടെ എണ്ണത്തിൽ ഇന്ന് യുകെയെ മറികടന്നേക്കും. രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ കൂടുതൽ റെയിൽവേ ഐസൊലേഷൻ കോച്ചുകൾ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഡൽഹി, ഉത്തർപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളാണ് ആവശ്യമുന്നയിച്ചത്. രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങൾ മാന്യമായി സംസ്‌കരിക്കുന്നതിലും സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പശ്ചിമ ബംഗാളിൽ പോസിറ്റീവ് കേസുകൾ പതിനായിരത്തിലേക്ക് അടുക്കുകയാണ്.

ഹരിയാനയിലെ ഗുരുഗ്രാമിൽ പൊലീസ് ഇൻസ്‌പെക്ടർ കൊവിഡ് ബാധിച്ചു മരിച്ചു. തമിഴ്‌നാട്ടിൽ ആകെ രോഗബാധിതർ 38716ഉം മരണം 349ഉം ആയി. ചെന്നൈയിൽ മാത്രം കൊവിഡ് കേസുകൾ 27,000 കടന്നു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 65 പേർ മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 34687 ആയി. 1085 പേർ ഇതുവരെ മരിച്ചു. ഗുജറാത്തിൽ ആകെ കൊവിഡ് കേസുകൾ 22,067 ആയി. 38 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1385 ആയി ഉയർന്നു.

കൊവിഡ് സാഹചര്യം രൂക്ഷമായ ഡൽഹിയിൽ പത്ത് റെയിൽവേ ഐസൊലേഷൻ കോച്ചുകളാണ് അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ അനുവദിച്ച കോച്ചുകൾ വിവിധ സ്റ്റേഷനുകളിൽ സജ്ജമായിട്ടുണ്ട്. തെലങ്കാന അറുപതും ഉത്തർപ്രദേശ് 240 കോച്ചുകളും ആവശ്യപ്പെട്ടു. രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങൾ മാന്യമായി സംസ്‌കരിക്കുന്നതിലും സ്വമേധയാ എടുത്ത കേസ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. പലമേഖലകളിലും പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സ്വമേധയാ സുപ്രിംകോടതി കേസെടുത്തത്.

Leave a Comment