ഒരു വെറ്റില ചെടിയെങ്കിലും വീട്ടുമുറ്റത്ത്‌ വച്ച് പിടിപ്പിക്കണം എന്ന് പറയുന്നതിന് പിന്നിലെ രഹസ്യം..

അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധമാണ് വെറ്റില. വെറ്റിലയുടെ ജൻമദേശമാണ് ഭാരതം. ഏതൊരു മംഗള കാര്യത്തിനും ഭാരതീയർക്ക് ഒഴിച്ചുകൂടാനാവാത്ത ആദ്യ ഇനമാണ്‌ വെറ്റില വച്ചുള്ള ദക്ഷിണ . ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, കാത്സ്യം എന്നിവ വെറ്റിലയിൽ അടങ്ങിയിട്ടുണ്ട്. ഇതാ വെറ്റിലയുടെ ചില ഔഷധഗുണങ്ങൾ. നല്ലൊരു വേദനസംഹാരിയണ് വെറ്റില. ഇത് നന്നായി അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുന്നത് വേദനയ്ക്കു ശമനം നല്‍കും. അതുപോലെ വെറ്റില ചവച്ച് നീരിറക്കുന്നത് നമ്മുടെ ഉള്ളിലുള്ള വേദനയ്ക്ക് ആശ്വാസം നല്‍കും.

അതുപോലെ മുറിവിൽ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാൽ മുറിവ് വേഗം ഉണങ്ങുകയും ചെയ്യും. പലതരത്തിലുള്ള ചർമരോഗങ്ങൾക്കും വെറ്റില ഉത്തമമാണ്. അലർജികൾ, ചൊറിച്ചിൽ, വ്രണങ്ങൾ, ശരീര ദുർഗന്ധം ഇവയ്ക്കെല്ലാം വെറ്റിലയുടെ ആന്റിമൈക്രോബിയൽ ഗുണങ്ങൾ ആശ്വാസം പകരുന്നതാണ്. അതുപോലെ ദഹനത്തിനു സഹായിക്കുന്ന ഉത്തമ ഔഷധമാണ് വെറ്റില. കുട്ടികളിലെ ദഹനക്കേടു മാറ്റുന്നതിനായി അല്പം വെള്ളത്തിൽ വെറ്റിലയും കുറച്ച് കുരുമുളകും ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ച് രണ്ടു ടീസ്പൂൺ ദിവസവും രണ്ടു നേരം കുഞ്ഞുങ്ങൾക്കു കൊടുത്താൽ ദഹനക്കേട് മാറിക്കിട്ടും. ഇതുമൂലം വിശപ്പു കൂടുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ വെറ്റില നമ്മുടെ വിശപ്പു കൂട്ടി ആരോഗ്യം പ്രധാനം ചെയ്യുന്നു. കൂടാതെ ശ്വാസത്തെ ശുദ്ധമാക്കാനും വെറ്റില സഹായിക്കുന്നു.

കൂടാതെ വായിലെ അണുക്കൾ, ബാക്ടീരിയ മുതലായവയെ തടയാനും വെറ്റില ചവയ്ക്കുന്നത് നല്ലതാണ്. അതുപോലെ ഇവ വായയെ ശുചിയാക്കുകയും പല്ലുകളുടെ നാശം തടയുകയും മോണകളെ ശക്തമാക്കുകയും ചെയ്യുന്നു. ദിവസവും വെറുംവയറ്റിൽ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. അതുപോലെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും വെറ്റില നല്ലതാണ്. ഇത് രക്തചംക്രമണം കൂട്ടി ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം സുഗമമാക്കുകയും ശരീരത്തിൽ നിന്നു വളരെ വേഗം മാലിന്യം നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. കൂടാതെ വെറ്റിലയുടെ പതിവായ ഉപയോഗം ഉദരവേദനയും അസിഡിറ്റിയും കുറയ്ക്കാന്‍ സഹായിക്കുന്നു.

നല്ലൊരു ആന്റിസെപ്റ്റികാണ് വെറ്റില. വെറ്റിലനീര് വെളിച്ചെണ്ണയിൽ ചാലിച്ച് വേദനയുള്ളിടത്തു പുരട്ടുന്നത് നല്ല ആശ്വാസം നല്‍കുന്നു. കൂടാതെ പേശീവേദനയ്ക്കും നീർക്കെട്ടിനുമെല്ലാം വെറ്റിലയെണ്ണ ഉത്തമമാണ്. കുളിക്കുന്ന വെള്ളത്തിൽ വെറ്റിലച്ചാറോ വെറ്റിലയെണ്ണയോ ചേർത്ത് കുളിച്ചാൽ ദിവസം മുഴുവൻ ഉൻമേഷത്തോടെ ഇരിക്കാന്‍ സാധിക്കുന്നു. വെറ്റിലയിൽ അടങ്ങിയ ചില ഘടകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നു. അതിനാൽ പ്രമേഹ ചികിത്സയിലും വെറ്റില ഉപയോഗിക്കാറുണ്ട്.

അതുപോലെ ഉദ്ധാരണ പ്രശ്നങ്ങൾക്കും വെറ്റില ഒരു പ്രതിവിധിയാണ്. തലവേദന അകറ്റാനും വെറ്റിലനീര് നെറ്റിയിൽ പുരട്ടുന്നത് നല്ലതാണ്. കൂടാതെ വെറ്റിലനീരില്‍ വെളിച്ചെണ്ണ ചേർത്ത് രണ്ടു തുള്ളി ചെവിയിൽ ഒറ്റിയ്ക്കുന്നത് ചെവിവേദന കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ യോനീഭാഗത്തുണ്ടാകുന്ന ചൊറിച്ചിലിനും യോനീസ്രവങ്ങൾക്കും പരിഹാരമാകുന്ന വീട്ടുമരുന്നുകൂടിയാണ് വെറ്റില. വെറ്റില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ശരീരത്തെ ശുചിത്വമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.