നല്ല ശുദ്ധമായ വെണ്ടയ്ക്ക കഴിക്കാം.. വീട്ടിൽ വെണ്ട കൃഷി ചെയ്ത് നോക്കിയാലോ, വളരെ എളുപ്പത്തിൽ കാടുപോലെ കായ്‌ഫലം ലഭിക്കുന്ന കൃഷിരീതി അറിയാം..

മാൽവേസി സസ്യകുടുംബത്തിൽ ഉള്ളതും ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ കൃഷിചെയ്യുന്നതും, പച്ചക്കറി വിഭാഗത്തിൽ ഉൾപ്പെടുന്ന കായ് ഉണ്ടാകുന്നതുമായ ഒരു സസ്യമാണ് വെണ്ട. ഈ സസ്യത്തിൽ ഉണ്ടാകുന്ന വെണ്ടക്കയിൽ ദഹനത്തിന് സഹായകരമായ നാരുകൾ, ജീവകം എ, ജീവകം സി, ജീവകം കെ, തയാമിൻ, ഫോളെറ്റ്, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, റൈബോഫ്ലേവിൻ, നിയാസിൻ, ഇരുമ്പ്,സിങ്ക്,ചെമ്പ് എന്നീ ഘടങ്ങൾ അടങ്ങിയിരിക്കുന്നു.

ഫെബ്രുവരി-മാർച്ച്, ജൂൺ-ജൂലൈ ,ഒക്ടോബർ -നവംബർ എന്നീ മാസങ്ങളാണ് വെണ്ടകൃഷിചെയ്യാൻ അനിയോജ്യമായ സമയം. ആവശ്യത്തിന് ജൈവവളം ചേർത്ത് 60 സി.എം   അകലത്തിൽ വാരങ്ങൾ കോരുക. നടാൻ ഉദ്ദേശിക്കുന്ന വിത്തുകൾ 24 മണിക്കൂർ സമയം സ്യൂഡോമോണസ് ലായനിയിൽ കുതിർത്ത് വയ്ക്കുക. ഇങ്ങനെ കുതിർത്തെടുത്ത വിത്തുകൾ വാരങ്ങളിൽ 45 സി.എം അകലത്തിൽ രണ്ട് കൈക്കുമ്പിൾ ട്രൈക്കോഡർമ കൊണ്ട് പുഷ്ടിപ്പെടുത്തിയ വേപ്പിൻ പിണ്ണാക്ക് ചാണക മിശ്രിതം ഇട്ട് നടുക.

ചെടി നട്ട് 15 ദിവസത്തിന് ശേഷവും 25 -30 ദിവസത്തിന് ശേഷവും 20 ഗ്രാം  സ്യൂഡോമോണസ് 1 ലിറ്റർ വെള്ളത്തിൽ ലായിപ്പിച്ച് ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും ഇലകളിലും തണ്ടുകളിലും പതിക്കുന്ന രീതിയിൽ  തളിച്ച് കൊടുക്കേണ്ടതുമാണ്. ഇത് ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് പുറമെ ചെടികൾക്ക് രോഗ പ്രതിരോധ ശക്തി നൽകുകയും ചെയ്യുന്നു.ഈർപ്പം നിലനിർത്തുന്ന രീതിയിൽ ആവശ്യാനുസരണം മാത്രം നനയ്ക്കുക. ജൈവ രീതിയിൽ കൃഷി ചെയ്യുന്നതാണ് കൂടുതൽ ഉത്തമം. ഇതിലേക്കാവശ്യമായ ജൈവ വളക്കൂട്ട് ആഴ്ചതോറും ഒരു കൈപ്പിടി എന്ന തോതിൽ ഓരോ ചെടികൾക്കും  അവയുടെ തടത്തിൽ ചേർത്ത് കൊടുക്കുക വിത്ത് പാകി 30 -45  ദിവസമാകുമ്പോൾ വിളവെടുപ്പ് ആരംഭിക്കാം ഒന്നിടവിട്ട ദിവസങ്ങളിൽ കായകൾ പറിച്ചെടുക്കാം.

Leave a Comment