വീടുകളില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന മാലിന്യസംസ്‌ക്കരണ രീതികളില്‍ ഏറ്റവും ലളിതവും ചെലവ് കുറഞ്ഞതുമാണ് പൈപ്പ് കമ്പോസ്റ്റ്. ജൈവവളവും തയാറാക്കാം.

വീടുകളില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന മാലിന്യസംസ്‌ക്കരണ രീതികളില്‍ ഏറ്റവും ലളിതവും ചെലവ് കുറഞ്ഞതുമാണ് പൈപ്പ് കമ്പോസ്റ്റ്. സ്ഥലപരിമിതിയുള്ളവര്‍ക്കും നടപ്പാക്കാവുന്ന ഈ മാര്‍ഗമുപയോഗിച്ച് അടുക്കളത്തോട്ടത്തിലേക്ക് ആവശ്യമായ ജൈവവളവും തയാറാക്കാം.

ആവശ്യമുളള സാധനങ്ങള്‍

1.3 മീറ്റര്‍ നീളവും എട്ട് ഇഞ്ച് വ്യാസവുമുള്ള രണ്ട് പിവിസി പൈപ്പുകളും അടപ്പുകളുമാണ് പ്രധാനഭാഗങ്ങള്‍. ഒന്നു നിറയുമ്പോള്‍ മറ്റൊന്ന് ഉപയോഗിക്കാം. നാലു പേരടങ്ങുന്ന കുടുംബമാണെങ്കില്‍ എണ്‍പത് – തൊണ്ണൂറ് ദിവസങ്ങള്‍ കൊണ്ട് ആദ്യ പൈപ്പ് നിറയുകയുള്ളു. ഇതുപ്പോലെ രണ്ടാമത്തെ പൈപ്പ് നിറയുമ്പോഴെക്കും ആദ്യത്തെ പൈപ്പില്‍ നിന്ന് കമ്പോസ്റ്റ് എടുക്കാനാവും. കൂടുതല്‍ അംഗങ്ങളുള്ള വീടാണെങ്കില്‍ ഇതേ രീതിയില്‍ ഒരു പൈപ്പ് കൂടി തയ്യാറാക്കിയാല്‍ സ്വന്തം വീട്ടിലെ മാലിന്യ സംസ്‌ക്കരണത്തിന് മറ്റൊന്നും അന്വേഷിക്കേണ്ടി വരില്ല.

സ്ഥാപിക്കുന്ന വിധം

അടുക്കളയോട് ചേര്‍ന്നു പൈപ്പ് സ്ഥാപിക്കുന്നതാണ് ഏറെ ഉത്തമം. രണ്ടോ മൂന്നോ അടി വിട്ട് പൈപ്പുകള്‍ അടുത്തായി സ്ഥാപിക്കുന്നത് പരിപാലനത്തിന് ഏറെ ഗുണം ചെയ്യും. വെള്ളം കെട്ടി നില്‍ക്കാത്ത സ്ഥലമാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. 30 സെ.മീറ്റര്‍ താഴ്ചയില്‍ കുഴികളെടുത്ത് പിവിസി പൈപ്പ് മണ്ണില്‍ കുത്തനെ ഉറപ്പിച്ചു നിര്‍ത്തണം. ഇതിന് മുന്‍പ് കുഴിയുടെ അടിഭാഗത്ത് ചരലും ഓടിന്റെ ചെറു കഷണങ്ങള്‍ പൊട്ടിച്ചതുമിട്ടു വിരിക്കണം. പൈപ്പിന്റെ ചുറ്റും ഓട് കഷ്ണമിട്ട് ഉറപ്പിക്കണം. ഇങ്ങനെ ചെയ്യുന്നത് പൈപ്പില്‍ വെള്ളമുണ്ടെങ്കില്‍ പെട്ടന്നു വാര്‍ന്ന് പോകാനും മണ്ണിരകള്‍ക്ക് പൈപ്പിലേയ്ക്ക് കടന്നു വരാനും പൈപ്പില്‍ വായുസഞ്ചാരം സുഗമമാക്കാനും വേണ്ടിയാണ്. മണ്ണില്‍ താഴ്ത്തുന്ന ഭാഗത്ത് പൈപ്പില്‍ 20 സെ.മി ഉയരത്തിലായി അഞ്ചോ ആറോ തുളകളിടുന്നത് നല്ലതാണ്. ഇതിലൂടെയും മണ്ണിര പൈപ്പില്‍ പ്രവേശിക്കും. പൈപ്പിന്റെ മുകള്‍ഭാഗം അടപ്പ് ഉപയോഗിച്ച് അടയ്ക്കാം. അടപ്പിന്റെ തൊട്ട് താഴെയായി പൈപ്പില്‍ രണ്ട് – മൂന്ന് തുളയിടണം. ഇതിലൂടെ പലപ്പോഴായി പൈപ്പിന്റെ ഉള്ളിലെ ദുര്‍ഗന്ധം പുറത്തു പോകാനും പെപ്പില്‍ വായു സഞ്ചാരം ഉറപ്പാക്കാനും ഉപകരിക്കും.

മാലിന്യസംസ്‌കരണ രീതി

ആദ്യമായി പൈപ്പിന്റെ ഏറ്റവും അടിത്തട്ടില്‍ ഒരു കപ്പ് പച്ചച്ചാണക ലായനി ഒഴിക്കണം. ശേഷം അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ അതായത് അഴുകുന്ന പാഴ് വസ്തുക്കളിട്ടു തുടങ്ങാം. പച്ചക്കറി അവശിഷ്ടങ്ങള്‍, പാകംചെയ്തതും അല്ലാത്തതുമായ മറ്റു ഭക്ഷണവസ്തുക്കള്‍, ഇലകള്‍ തുടങ്ങി വേഗത്തില്‍ അഴുകുന്ന വസ്തുക്കള്‍ പരമാവധി ജലാംശം കളഞ്ഞ് വേണം ദിവസേന പൈപ്പിനകത്തിടാന്‍. വലിയ അവശിഷ്ടങ്ങള്‍ നുറുക്കിയിടുന്നത് പെട്ടന്ന് അഴുകാന്‍ സഹായിക്കും. ആഴ്ച്ചയില്‍ ഒരിക്കല്‍ രണ്ട് പിടി വീതം ചാണകപ്പൊടി പൈപ്പിലിട്ടു കൊടുക്കണം. ചെറിയ ഈര്‍പ്പം പൈപ്പിനകത്ത് ഉണ്ടാവണം. എന്നാല്‍ കഞ്ഞിവെള്ളം, കറികളുടെ ചാറ് എന്നിവ പൈപ്പിലൊഴിക്കരുത്. ഒഴിച്ചാല്‍ പൈപ്പിലെ കമ്പോസ്റ്റിങ്ങ് പ്രവര്‍ത്തനം താറുമാറാകും. കമ്പോസ്റ്റിങ്ങ് പക്രിയ വേഗത്തിലാകണമെങ്കില്‍ പൈപ്പില്‍ വായുസഞ്ചാരം ഉറപ്പാക്കണം. കാര്‍ബണിന്റെയും നൈട്രജന്റെയും അഭാവത്തില്‍ വിഘടനം നടക്കാതെ വരുമ്പോഴാണ് അവശിഷ്ടങ്ങള്‍ മഞ്ഞസ്ലറി രൂപത്തില്‍ ചിലപ്പോള്‍ കാണുന്നത്. സംസ്‌കരണം എളുപ്പത്തിലാക്കാന്‍ അവശിഷ്ടങ്ങള്‍ക്കകത്ത് വായു അറകള്‍ ഉണ്ടാകണം. ഓക്‌സിജനും ത്വരിതസംസ്‌കരണത്തിന് അഭികാമ്യം. അതിന് അടുക്കള മാലിന്യങ്ങള്‍ ഇട്ട് തുടങ്ങിയതിന് ശേഷം രണ്ട് മൂന്ന് ദിവസം കൂടുമ്പോള്‍ ഉണങ്ങിയ കരിയില , ചുള്ളി കമ്പുകള്‍ എന്നിവ പൊട്ടിച്ചു പൈപ്പിലിടണം. ഇതു പൈപ്പിലെ വായുസഞ്ചാരം ഉറപ്പാക്കാനും മാലിന്യങ്ങള്‍ ദ്രവിച്ചു പെട്ടന്ന് കമ്പോസ്റ്റാകാനും സഹായിക്കും. ഉണങ്ങിയ പുല്ല്, ചകിരിച്ചോര്‍ എന്നിവയും വല്ലപ്പോഴും പൈപ്പിട്ടു കൊടുക്കുന്നതു നല്ലതാണ്. കൂടാതെ ആഴ്ചയില്‍ ഒരിക്കല്‍ ചാണകം/ശര്‍ക്കര/പുളിച്ച തൈര് എന്നിവ ഏതെങ്കിലും പൈപ്പിനകത്ത് തളിച്ചുകൊടുക്കണം. ഇത് പൈപ്പില്‍ സുഷ്മാണുക്കള്‍ പെരുകാനും സഹായിക്കും.

ദുര്‍ഗന്ധം ഒഴിവാക്കാന്‍

പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കുന്ന ചിലരുടെ പ്രധാന പ്രശ്‌നമായി പറയുന്നത് അതിലെ ദുര്‍ഗന്ധവും പുഴുശല്യവുമാണ്. ഇതു യഥാസമയം നോക്കിയാല്‍ പരിഹരിക്കാവുന്നതേയുള്ളു. പൈപ്പിലെ ദുര്‍ഗന്ധം ഒഴിവാക്കാനും പുഴുവിനെ നശിപ്പിക്കാനും വിവിധതരം ബാക്ടീരിയ ലായനികള്‍/ ഇഎം ലായനികള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇതു ചെറിയ അളവില്‍ നേര്‍പ്പിച്ച് പെപ്പില്‍ തളിച്ചു കൊടുക്കണം.

സൂഷ്മാണുക്കള്‍,
മണ്ണിരകള്‍ പെരുകാന്‍

പൈപ്പിലെ സുഷ്മാണുക്കള്‍ പെരുകാനും മണ്ണിരകള്‍ പൈപ്പിലേയ്‌ക്കെത്താനും അതിലൂടെ കമ്പോസ്റ്റിങ്ങ് വേഗത്തിലാക്കാനും പച്ചച്ചാണകത്തിന് പ്രത്യേക കഴിവുണ്ട്. പച്ചച്ചാണക ലായനി രണ്ട് അടപ്പുവീതം രണ്ട് മുന്ന് ദിവസം കൂടുമ്പോഴെങ്കിലും പെപ്പിലൊഴിച്ച് കൊടുക്കണം. ഇതിലൂടെ സൂഷ്മാണുക്കള്‍ പെരുകി വിഘടനം വേഗത്തിലാക്കും.

പൈപ്പ് കമ്പോസ്റ്റ് വിജയിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പ്ലാസ്റ്റിക്ക് കവറുകള്‍, കുപ്പികള്‍ പൈപ്പില്‍ ഇടാതിരിക്കുക.

2. വെള്ളം കെട്ടി കിടക്കാത്ത സ്ഥലം വേണം പൈപ്പ് സ്ഥാപിക്കാന്‍.

3. കഞ്ഞിവെള്ളം, വെള്ളം, കറിയിലെ ചാറുകള്‍ എന്നിവ ഒഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

4. പൈപ്പ് കമ്പോസ്റ്റിലെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ ഇഎം ലായനികളോ ബാക്റ്റീരിയ ലായനികളോ ആഴ്ച്ചയില്‍ ഒരിക്കല്‍ വീതം പൈപ്പില്‍ തളിച്ച് കെടുക്കണം.

5. പൈപ്പില്‍ വായു സഞ്ചാരം ഉറപ്പാക്കാന്‍ ഉണങ്ങിയ കരികില, ചുള്ളിക്കമ്പുകള്‍ എന്നിവ പൊടിച്ചിടണം.

മികച്ച ജൈവളം

പെപ്പിലെ ജൈവ മാലിന്യങ്ങള്‍ പൊടിഞ്ഞു ലഭിക്കുന്ന കമ്പോസ്റ്റ് ഏറ്റവും നല്ല ജൈവവളമാണ്. അവ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും പൂന്തോട്ടത്തിലെ ചെടികള്‍ക്കും മികച്ച വളമായി ഉപയോഗിക്കാം. പൈപ്പില്‍ നിന്ന് കിട്ടുന്ന ഈ വളം ഒരോ പിടിവെച്ച് വിളകള്‍ക്ക് ചുറ്റമിട്ടു കൊടുക്കാം. അല്ലങ്കില്‍ വെള്ളം ചേര്‍ത്ത് ലായനി രൂപത്തിലാക്കിയും വിളകള്‍ക്കും പുച്ചെടികള്‍ക്കുമൊഴിച്ച് കൊടുക്കാം. വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ പൈപ്പ് കമ്പോസ്റ്റ് നിര്‍മ്മാണത്തിലൂടെ നമ്മുടെ വീടും പരിസരവും എന്നും വൃത്തിയും വെടിപ്പും ഉള്ളതാകും. വീടുകളില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന ഇത്തരം ചെറുതും വലുതുമായ മാലിന്യ സംസ്‌ക്കരണ രീതിയിലൂടെ കേരളത്തെ മാലിന്യവിമുക്തമാക്കാം.

പൈപ്പ് കമ്പോസ്റ്റ് നിര്‍മ്മാണത്തിന് വേണ്ടത് എല്ലാം കിസാന്‍ എക്‌സലില്‍

പൈപ്പ് കമ്പോസ്റ്റിന് വേണ്ട ഇ എം സോലുഷന്‍, വേയ്സ്റ്റ് റൈഡര്‍, ഇതിന് വേണ്ട പൈപ്പുകള്‍, കമ്പോസ്റ്റ് നിര്‍മ്മാണത്തിന് വേണ്ട നിര്‍ദേശങ്ങള്‍ എന്നിവ കോഴിക്കോട് ജില്ലാക്കോടതിക്ക് അടുത്തുള്ള കിസാന്‍ എക്‌സലില്‍ നിന്ന് ലഭ്യമാണ് Ph: 0495-2769966,9037123999.

Courtesy: Haritha Keralam

Leave a Comment