കീടനാശിനി തളിക്കാതെ ഇഞ്ചി വേണോ…? ഒരുക്കങ്ങള്‍ ഇപ്പോള്‍ ആരംഭിക്കണം..

അമിതമായ രാസ കീടനാശിനികള്‍ ഉപയോഗിച്ച് വിളയിക്കുന്ന ഇഞ്ചിയാണ് നമുക്ക് കടകളില്‍ നിന്നും ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ കീടനാശിനി പ്രയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളിലൊന്നാണ് ഇഞ്ചിയെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. വിഭവങ്ങളുടെയും രുചി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഇഞ്ചി നല്ലൊരു ഔഷധം കൂടിയാണ്. അല്‍പ്പ സമയം ചെലവഴിച്ചാല്‍ നമ്മുടെ വീട്ടുവളപ്പില്‍ തന്നെ ഇഞ്ചി എളുപ്പത്തില്‍ വിളയിച്ചെടുക്കാം. നിലത്ത് ചെറിയ തടങ്ങളുണ്ടാക്കിയും ഗ്രോബാഗിലും ചാക്കിലുമൊക്കെ കൃഷി ചെയ്യാം.

മുളവരാനായി ചാണകം മുക്കാം

നന്നായി മൂത്ത് പാകമായ ഇഞ്ചിയാണ് നടാനായി ഉപയോഗിക്കേണ്ടത്. ഒരു ബക്കറ്റില്‍ അല്‍പ്പം പച്ച ചാണകം (ഏറ്റവും പുതിയ പച്ചച്ചാണകമാണ് ഏറ്റവും ഉത്തമം) എടുത്ത് അതില്‍ അല്‍പ്പം വെള്ളവും ചേര്‍ത്തിളക്കുക. ഈ ചാണക കുഴമ്പില്‍ 50 ഗ്രാം Tricodturma ചേര്‍ത്ത് ഇളക്കിയാല്‍ രോഗ കീടങ്ങളുടെ ശല്യം കുറയും. ഈ ചാണക കുഴമ്പിലേയ്ക്ക് നേരത്തെ വൃത്തിയാക്കി വെച്ചിരിക്കുന്ന ഇഞ്ചിയിടുക. അഞ്ച് മിനിറ്റ് ചാണക കുഴമ്പിലിട്ട ഇഞ്ചിയെടുത്ത് ഒരു ദിവസം തണലത്ത് ഉണക്കണം. തുടര്‍ന്ന് ഇതു വെയില്‍ കൊള്ളാതെ തണുപ്പുള്ള സ്ഥലത്ത് മാറ്റിവയ്ക്കുകയും പാണലിന്റെ ഇല, ആര്യവേപ്പിന്റെ ഇല, അല്ലങ്കില്‍ നല്ല തണുപ്പു കിട്ടുന്ന ഇലകളിട്ടു മൂടകയും ചെയ്യണം. ചാണകം മുക്കിയ ഇഞ്ചിക്ക് പതിനഞ്ച് – ഇരുപത് ദിവസങ്ങള്‍കൊണ്ട് മുളവന്ന് തുടങ്ങും

മേയ് മാസം അവസാനത്തോടെ മഴ ലഭിച്ചു തുടങ്ങും. ആദ്യ മഴ കിട്ടി ഭൂമി തണുക്കുന്നതോടെ തടങ്ങളെടുത്ത് ഇഞ്ചി നടാം. ഒരു കിലോ ഇഞ്ചി പത്ത് – പതിനഞ്ച് കഷ്ണങ്ങളാക്കി വേണം നടാന്‍. ഗ്രോബാഗില്‍ ഇഞ്ചിക്ക് മികച്ച വിളവ് ലഭിക്കാറുണ്ട്. ഒരു ഗ്രോബാഗില്‍ 40 ഗ്രാമുള്ള രണ്ട് കഷ്ണങ്ങള്‍ നടാനായി ഉപയോഗിക്കാം. ഇങ്ങനെ നാല്-അഞ്ച് ഗ്രോബാഗുകളില്‍ ഇഞ്ചി നട്ടാല്‍ ഒരു വീട്ടിലേയ്ക്ക് ഒരു വര്‍ഷത്തേക്ക് വേണ്ടത് ലഭിക്കും. നന്നായി പരിപാലിച്ചാല്‍ ഒരു ഗ്രോബാഗില്‍ നിന്ന് രണ്ട് കിലോയില്‍ കൂടുതല്‍ വിളവ് ലഭിക്കാറുണ്ട്.

Leave a Comment