വീട്ടിൽ അടുക്കളത്തോട്ടമൊരുക്കാം രണ്ടായിരം രൂപയ്ക്ക്, എന്നും വിഷമില്ലാത്ത പച്ചക്കറി കഴിക്കാം

അടുക്കളമുറ്റത്ത് ആരോഗ്യം വിളയുന്ന നല്ലൊരു പച്ചക്കറിത്തോട്ടമൊരുക്കാം, വെറും രണ്ടായിരം രൂപയ്ക്ക്. നന്നായി പരിപാലിച്ചാല്‍ വര്‍ഷം മുഴുവനും വിഷരഹിതമായ പച്ചക്കറികള്‍ സ്വന്തം കൃഷി ചെയ്‌തെടുക്കാം. ലോക്ഡൗണ്‍ കാലത്ത് മലയാളി ഏറ്റവും സമയം ചെലവാക്കിയത് വീട്ടില്‍ പച്ചക്കറിയും മറ്റും കൃഷി ചെയ്യാനായിരിക്കും. കാരണം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇവയുടെ വരവ് നിലച്ചാല്‍ പട്ടിണിയാകുമെന്ന കാര്യം നമ്മള്‍ തിരിച്ചറിഞ്ഞു. ഇത്തരം പ്രതി സന്ധികള്‍ ഇനിയും വന്നേക്കാം. ഭക്ഷ്യ വസ്തുക്കള്‍ക്ക് വേണ്ടി മറ്റുള്ളവരെ ആശ്രയിക്കുന്ന അവസ്ഥ മാറണം.

അധ്വാനിക്കുള്ള മനസുണ്ടെങ്കില്‍ സമയവും അറിവുമെല്ലാം കൂടെവരും. ആരോഗ്യകരമായ ഭക്ഷണശീലത്തിനൊപ്പം മാനസികോല്ലാസവും അടുക്കളത്തോട്ടം പ്രധാനം ചെയ്യും. എല്ലാതരം പച്ചക്കറികളും വിളയിക്കാന്‍ പറ്റിയ കാലാവസ്ഥയാണ് നമ്മുടേത്. സ്ഥല പരിമിതിയുള്ളവര്‍ക്ക് ഗ്രോ ബാഗ്, ചാക്ക്, ചട്ടി എന്നിവയിലൂടെ ചുരുങ്ങിയ ചെലവില്‍ വീട്ടിലേക്കാവശ്യമായ എല്ലാതരം പച്ചക്കറികളും കൃഷി ചെയ്‌തെടുക്കാം. വീടിന്റെ ടെറസിലും മുറ്റത്തുമെല്ലാം ചാക്കും ഗ്രോബാഗുകളും വെയ്ക്കാം.

കുറഞ്ഞ ചെലവില്‍ ഗ്രോബാഗില്‍ അടുക്കളത്തോട്ടമൊരുക്കുന്ന വിധം പരിശോധിക്കാം.
ചെലവ് പരമാവധി കുറയ്ക്കാന്‍ ഗ്രോബാഗ് നിറയ്ക്കല്‍ മുതല്‍ എല്ലാ പണികളും നാം തന്നെ ചെയ്യണം.

ഗ്രോബാഗ് നിറയ്ക്കാന്‍ ആവശ്യമുള്ളവ വസ്തുക്കള്‍.

1) 10 കൊട്ട മേല്‍ മണ്ണ് – ഇതില്‍ 4 kg കുമ്മായം ചേര്‍ക്കണം.
(മണ്ണിന്റെ അസിഡിറ്റി അഥവാ പുളിപ്പ് രസം മാറാനാണ് കുമ്മായം ചേര്‍ക്കുന്നത്. തൈ നടുന്നതിന് ഒരാഴ്ച്ച മുമ്പ് മണ്ണില്‍ കുമ്മായം ചേര്‍ക്കണം)
2) ഒരു ചാക്ക് ചകിരിച്ചോറ്
3) അഞ്ച് കൊട്ട ചാണകപ്പൊടി
4) അഞ്ച് കിലോ ജൈവ വളം (എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കുമടങ്ങിയത് )
5) ഒരു കിലോ െ്രെടക്കോഢര്‍മ (വേരും ചീയല്‍, ഫംഗസ് രോഗം തുടങ്ങിയവ ഒഴിവാക്കാന്‍)

തയാറാക്കുന്ന വിധം

ഇവയെല്ലാം കൂട്ടി കലര്‍ത്തി ഒരു ദിവസം തണലത്ത് വയ്ക്കുക. തുടര്‍ന്ന് ഗ്രോബാഗിന്റെ അറുപത്-എഴുപത് ശതമാനം ഇവ നിറച്ചു തൈകള്‍ / വിത്തുകള്‍ നടാം. തൈകള്‍ മാറ്റി നടുമ്പോള്‍ വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ ശ്രദ്ധിക്കണം. തൈകള്‍ നടുന്നത് വൈകുന്നേരങ്ങളിലാണ് നല്ലത്. വിത്താണ് നടുന്നതെങ്കില്‍ ചീര ഒഴിച്ചു മറ്റെല്ലാ ഇനങ്ങളും രണ്ടു മണിക്കൂര്‍ എങ്കിലും വെള്ളത്തിലിട്ട് വെച്ചതിന് ശേഷം നട്ടാല്‍ പെട്ടന്നു മുളച്ച് വരാന്‍ സഹായിക്കും. വിത്ത് നടുന്നതിന്റെ അഴത്തെപ്പറ്റി പറയുന്നത് ‘വിത്ത് വിത്തോളം’ എന്നാണ്. തൈയ്യാണെങ്കില്‍ വേരിന്റെ മുകളില്‍ മണ്ണ് വരത്തക്ക വിധത്തില്‍ നടേണ്ടതാണ്. ഒരാഴ്ച്ച കൊണ്ട് ചെടികള്‍ക്ക് പുതിയ ഇലകള്‍ വന്നു തുടങ്ങും. 20 ദിവസം കൂടുമ്പോള്‍ ജൈവ വളങ്ങള്‍ ചേര്‍ത്ത് നന്നായി പരിപാലിച്ചാല്‍ രണ്ടു മാസത്തിനുള്ളില്‍ ഫലം ലഭിച്ചു തുടക്കും.

ഗ്രോബാഗില്‍ നടാന്‍ പറ്റിയ ഇനങ്ങള്‍

നമ്മുടെ ആവിശ്യം അനുസരിച്ച് ഓരോ ഇനങ്ങളും എത്ര ബാഗ് വെച്ച് വേണമെന്ന് തിരുമാനിക്കാം. ചീര, വെണ്ട, മുളക്, വഴുതന, തക്കാളി, എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കാം. ഇത് കൂടാതെ പയര്‍, പാവല്‍, പടവലം എന്നിവയ്ക്ക് ചെറിയ പന്തലോ ശിഖിരങ്ങളുള്ള കമ്പുകളോ കുത്തി കൊടുത്താലും മതി. പുതിന, മല്ലിച്ചപ്പ് എന്നിവയും ഗ്രോബാഗില്‍ നടാം. കടയില്‍ നിന്ന് വാങ്ങുന്ന പുതിന തണ്ടുകള്‍ മുറിച്ച് ഗ്രോബാഗില്‍ നടാം.മേല്‍പ്പറഞ്ഞ നടീല്‍ മിശ്രിതം കൊണ്ട് 35-40 ഗ്രോബാഗുകള്‍ തയ്യാറാക്കാനാന്‍ സാധിക്കും. ഇതില്‍ 20 ഗ്രോബാഗുകളില്‍ ആദ്യം തൈ/ വിത്ത് നട്ട് പരിപാലിച്ച് വലുതാക്കുക. വിളവെടുക്കാന്‍ പാകമാകുമ്പോഴേക്കും അടുത്ത 20 ഗ്രോബാഗില്‍ പച്ചക്കറികള്‍ നടുക. ഇങ്ങനെ രണ്ടു ടേമിലായി ഗ്രോബാഗ് തയാറാക്കിയാല്‍ ഒരു വര്‍ഷം വേണ്ട പച്ചക്കറികള്‍ നമുക്ക് വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കാം. അതും വരെ ചെലവ് കുറഞ്ഞ രീതിയില്‍.

Leave a Comment