ആർക്കും വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന വളർച്ച സഹായി.. എഗ്ഗ് അമിനോ ആസിഡ് തയ്യാറാക്കാം

ജൈവ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ യഥാസമയം ആവശ്യമായ ജൈവ വളങ്ങള്‍ നല്‍കുകയും, പഞ്ചഗവ്യം, ഫിഷ്‌ അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ് പോലുള്ള വളര്‍ച്ചാ ത്വരകങ്ങള്‍ ഉപയോഗിക്കുകയും ചെയ്‌താല്‍ ചെടികളുടെ വളര്‍ച്ചയും ആരോഗ്യവും ഉറപ്പാക്കാം.

അടുക്കളത്തോട്ടത്തിലെ കീടങ്ങളെ ഓടിക്കാനും പച്ചക്കറികളുടെ വിളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്നതാണ് എഗ്ഗ് അമിനോ ആസിഡ്. മുട്ട ഉപയോഗിച്ചു വളരെ എളുപ്പം നമുക്കിത് വീട്ടിലുണ്ടാക്കാം. ഫിഷ് അമിനോ ആസിഡ് തയാറാക്കുന്ന അത്ര സമയമോ ചെലവോ എഗ്ഗ് അമിനോ ആസിഡ് തയാറാക്കാന്‍ വേണ്ട. ആവശ്യമുള്ള സാധനങ്ങള്‍- സാധാരണ ഒരുവീട്ടിലെ അടുക്കളത്തോട്ടത്തിനും ടെറസ് കൃഷിക്കും ഒരു മുട്ട ഉപയോഗിച്ച് തയാറാക്കിയാല്‍ മതി. നാടന്‍ കോഴിയുടെ മുട്ട വേണം ഉപയോഗിക്കാന്‍. നാലോ അഞ്ചോ നാരങ്ങയുടെ നീര്, 50 ഗ്രാം ശര്‍ക്കര എന്നിവയാണ് മറ്റു വസ്തുക്കള്‍.

തയാറാക്കുന്ന രീതി- പ്ലാസ്റ്റിക് ജാറാണ് എഗ്ഗ് അമിനോ ആസിഡ് തയാറാക്കാന്‍ ആവശ്യമുള്ള മറ്റൊരു വസ്തു. കുഴിയുള്ള വിസ്താരം അധികമില്ലാത്ത പാത്രമാണ് നല്ലത്. ജാറില്‍ ആദ്യം നാരാങ്ങ നീര് ഒഴിക്കുക. ഇതിനു ശേഷം മുട്ടനീരില്‍ വയ്ക്കുക. മുട്ട മുങ്ങിക്കിടക്കുന്ന അത്ര നീര് വേണം. ഇതിനാല്‍ വിസ്താരം കുറഞ്ഞ പാത്രം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. 15 ദിവസം ഇത്തരത്തില്‍ പാത്രം അടച്ച് സൂക്ഷിക്കണം. 15 ദിവസത്തിന് ശേഷം ജാര്‍ തുറന്നു മുട്ട നന്നായി ഉടയ്ക്കുക.

ശേഷം ശര്‍ക്കര ഇതിലേക്ക് ചേര്‍ക്കുക. വീണ്ടും ജാര്‍ അടച്ച് 15 ദിവസം സൂക്ഷിക്കുക. പിന്നീട് തുറന്ന് ഒരു മില്ലി മുതല്‍ മൂന്ന് മില്ലിവരെ എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ സ്േ്രപ ചെയ്യാം. പത്ത് ദിവസത്തിലൊരിക്കല്‍ പ്രയോഗിച്ചാല്‍ മതി.

ഗുണങ്ങള്‍- പച്ചക്കറികളില്‍ നന്നായി കായ്കള്‍ ഉണ്ടാകാന്‍ എഗ്ഗ് അമിനോ ആസിഡ് തളിക്കുന്നത് സഹായിക്കും. പൂക്കള്‍ കൊഴിയുന്നത് നിയന്ത്രിക്കാനും വലിപ്പമുള്ള കായ്കള്‍ ഉണ്ടാകാനും ഇതു സഹായിക്കുന്നു.