മുട്ട് വേദന മാറാൻ 3 വഴികൾ.. രോഗികൾ സ്ഥിരമായി ചോദിക്കുന്ന സംശയങ്ങൾ

മധ്യവയസ്സിലെത്തുന്നതോടെ ഒരു വിഭാഗം പേരില്‍ മുട്ടുവേദന കണ്ടുതുടങ്ങാറുണ്ട്. ഈ രോഗാവസ്ഥയെ പ്രൈമറി ആര്‍ത്രോസിസ് എന്നു പറയുന്നു. അസ്ഥികളുടെ അഗ്രങ്ങളിലേക്കെത്തുമ്പോള്‍ വഴക്കവും മൃദുത്വവുമുള്ള തരുണാസ്ഥിയാണുണ്ടാവുക. സന്ധികളിലുള്ളത് ഈ തരുണാസ്ഥിഭാഗങ്ങളായിരിക്കും. പ്രായമേറുന്നതോടെ ഈ തരുണാസ്ഥികള്‍ക്ക് തേയ്മാനമുണ്ടാകുന്നത് സ്വാഭാവികം മാത്രം.
മറ്റെന്തെങ്കിലും കാരണം കൊണ്ട് തരുണാസ്ഥിക്ക്് കേടുപറ്റുന്ന രോഗാവസ്ഥയാണ് സെക്കന്‍ഡറി ആര്‍ത്രോസിസ്. ശ്രദ്ധയോടെ പരിചരിച്ചാല്‍ പ്രൈമറി ആര്‍ത്രോസിസിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയും. സെക്കന്‍ഡറി ആര്‍ത്രോസിസ് കൂടുതല്‍ ശ്രദ്ധയോടെ ചികില്‍സിക്കേണ്ടതാണ്.

രോഗചരിത്രം, രക്തപരിശോധനകള്‍, എക്‌സ്‌റേ, ആര്‍ത്രോസ്‌കോപ്പി, ആര്‍ത്രൈറ്റിസ് പ്രൊഫൈല്‍ തുടങ്ങി കൃത്യമായ രോഗനിര്‍ണയത്തിന് നിരവധി വഴികള്‍ ഇപ്പോഴുണ്ട്. രോഗത്തിന്റെ സ്വഭാവവും ചരിത്രവും കൃത്യമായി വിവരിക്കാന്‍ കഴിയുക എന്നത് പ്രധാനമാണ്. ഏറ്റവും മികച്ചതും ചിലവു കുറഞ്ഞതുമായ പരിശോധന എക്‌സ് റേ തന്നെ. ആര്‍ത്രോസ്‌കോപ്പി, ആര്‍ത്രൈറ്റിസ് പ്രൊഫൈല്‍ തുടങ്ങിയ പരിശോധനകള്‍ എല്ലാവര്‍ക്കും വേണ്ടിവരാറില്ല.

സന്ധിവാതത്തിന്റെ ചികില്‍സയ്ക്ക് പ്രധാനമായും രണ്ടു തലങ്ങളുണ്ട്. അസ്വസ്ഥതകള്‍ കുറയ്ക്കുന്ന പ്രാഥമിക ഘട്ടവും അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുന്ന രണ്ടാം ഘട്ടവും. തുടക്കത്തില്‍ത്തന്നെ ശ്രദ്ധിച്ചാല്‍ ജീവിതക്രമീകരണങ്ങളിലൂടെയും ലഘുവായ ചികില്‍സാമാര്‍ഗങ്ങളിലൂടെയും മുട്ടുവേദന നിയന്ത്രിക്കാം.

മുട്ടിന് വേദനയോ വീക്കമോ തോന്നിയാല്‍ സന്ധി ചലിപ്പിക്കാതെ സുഖകരമായ വിധത്തില്‍ വെച്ച് ഒരു ദിവസത്തോളം വിശ്രമമെടുക്കുക. പൂര്‍ണവിശ്രമം അസാധ്യമാണെങ്കില്‍ സന്ധികള്‍ക്ക് ആയാസമില്ലാത്ത വിധത്തില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്തുകൊണ്ടുമാത്രം ജോലി ചെയ്യുക. മധ്യവയസ്സിലെത്തുമ്പോഴേക്ക് ശരീര ഭാരം കൃത്യമായി ചിട്ടപ്പെടുത്തണം. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ലഘുവ്യായാമങ്ങള്‍ ശീലിക്കണം. കുഴമ്പുകളോ ഓയിന്റ്‌മെന്റുകളോ തേച്ച് മൃദുവായി ഉഴിയുമ്പോള്‍ സന്ധികളിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുകയും വേദനയ്ക്ക് കാര്യമായ ശമനമുണ്ടാവുകയും ചെയ്യും. വേദനയുള്ള ഭാഗത്ത് ചൂടുവെക്കുന്നതും തുടക്കത്തില്‍ ആശ്വാസദായകമാണ്.

മുട്ട് വേദന (Knee pain treatment ) രോഗികൾ സ്ഥിരമായി ചോദിക്കുന്ന സംശയങ്ങളും – മുട്ട് വേദന പരിഹാര മാർഗങ്ങളും കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ Dr. Bibu George – Consultant – Orthopaedic Surgeon ) വിശദീകരിക്കുന്നു

Leave a Comment