ഗർഭകാലത്തെ പ്രമേഹം.. ഗർഭിണികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.. ഡോക്ടർ മറുപടി നൽകുന്നു..

ആഹാരനിയന്ത്രണമാണ് ആദ്യപടി. ഭക്ഷണം ചെറിയ ഇടവേളകളില്‍ കഴിക്കുന്നതാണ് നല്ലത്. 6-7 പ്രാവശ്യം ആഹാരം കഴിക്കണം. പ്രധാന ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. രാവിലെ രണ്ടു മണിക്കൂര്‍ ഇടവിട്ട് ആഹാരം കഴിക്കുക. ഇതുമൂലം ഭക്ഷണത്തിനുശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അമിതമായി ഉയരുന്നത് തടയാനാവും. നടത്തംപോലുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുകവഴി രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാനുമാവും.

ഒന്നുരണ്ടാഴ്ച ഭക്ഷണനിയന്ത്രണത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഭക്ഷണത്തിനു മുന്‍പ് 90mg, ഭക്ഷണത്തിനുശേഷം 120ാഴ എന്ന അളവില്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നാല്‍, ഇന്‍സുലിന്‍ കുത്തിവെപ്പ് തീര്‍ച്ചയായും എടുക്കേണ്ടതാണ്. ഗര്‍ഭകാലത്ത് സുരക്ഷിതമായി എടുക്കാവുന്ന ഒന്നാണ് ഇന്‍സുലിന്‍ കുത്തിവെപ്പ്. രക്തത്തിലെ പഞ്ചസാരയുടെ അളവനുസരിച്ച് നിത്യേന രണ്ടോ മൂന്നോ പ്രാവശ്യം കുത്തിവെപ്പ് എടുക്കേണ്ടതായിവരും. ആഹാരത്തിനു മുന്‍പ് വേണം കുത്തിവെപ്പ് എടുക്കാന്‍.

തുടക്കത്തില്‍ നിത്യേന മൂന്നു പ്രാവശ്യമെങ്കിലും രക്തപരിശോധന നടത്തി കുത്തിവെപ്പിന്റെ തോത് ക്രമീകരിക്കേണ്ടതായി വരും. അതിനു നിവൃത്തിയില്ലാത്തവര്‍ രണ്ടു ദിവസത്തിലൊരിക്കലെങ്കിലും രക്തപരിശോധന നടത്തേണ്ടതാണ്.

പ്രസവസമയത്തും അതിനു ശേഷവും ഗര്‍ഭിണിയായ അമ്മയ്ക്കും നവജാത ശിശുവിനും പ്രത്യേകമായ വിദഗ്ധ ചികിത്സയും പരിചരണവും അത്യാവശ്യമാണ്. പ്രസവിച്ച ഉടനെ മുലയൂട്ടുന്നത് നവജാത ശിശുവിന്റെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറഞ്ഞുപോകാതിരിക്കാനുള്ള ഏറ്റവും നല്ല മുന്‍കരുതലാണ്.

പ്രസവശേഷം മിക്കവാറും പേരിലും പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാവുന്നു. പിന്നെ ഇന്‍സുലിന്‍ കുത്തിവെപ്പ് ആവശ്യമായി വരാറില്ല. എന്നിരുന്നാലും ആറാഴ്ചയ്ക്കുശേഷം രക്തപരിശോധന വീണ്ടും നടത്തേണ്ടതാണ്. ആറ് മാസത്തിനുശേഷവും വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധനകള്‍ മുടങ്ങാതെ ചെയ്യേണ്ടതാണ്.

Leave a Comment