വിട്ടുമാറാത്ത ക്ഷീണം, ഉന്മേഷക്കുറവ് ഉണ്ടാക്കുന്ന 15പ്രധാന കാരണങ്ങൾ ?അമിതക്ഷീണം എങ്ങനെ മറികടക്കാം ?

വിവിധ രോഗങ്ങള്‍ ബാധിച്ച നല്ലൊരുശതമാനം ആളുകളെയും വിട്ടുമാറാത്ത ക്ഷീണം ബാധിക്കാറുണ്ട്. രക്തക്കുറവുമൂലമുള്ള വിളര്‍ച്ചയാണ് ക്ഷീണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പ്രമേഹം, ഹൃദ്രോഗം, തൈറോയ്ഡ്, കരള്‍രോഗങ്ങള്‍, ഉറക്കക്കുറവ്, മദ്യപാനം ഇവയും ക്ഷീണത്തിനും തളര്‍ച്ചക്കും ഇടയാക്കാറുണ്ട്. പ്രത്യേക കാരണമൊന്നുമില്ലാതെ ക്ഷീണം നല്‍കുന്ന ‘ക്രോണിക് ഫറ്റിഗ് സിന്‍ഡ്രോം’ ഒരു ദീര്‍ഘകാല ക്ഷീണരോഗമാണ്. ഭയം, വിഷാദം, ഉല്‍കണ്ഠ തുടങ്ങിയ മാനസികപ്രശ്നങ്ങളും കടുത്ത ക്ഷീണത്തിന് ഇടയാക്കാറുണ്ട്.

രക്തത്തിലെ ഹീമോഗ്ളോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് വിളര്‍ച്ച. പല കാരണങ്ങള്‍കൊണ്ടും വിളര്‍ച്ച ഉണ്ടാകാം. രക്തസ്രാവം, ആവശ്യത്തിന് ചുവന്നരക്താണുക്കള്‍ ഉണ്ടാകാതെ വരിക, രക്താണുക്കളുടെ നാശം, ഇവയാണ് വിളര്‍ച്ചയ്ക്ക് ഇടയാക്കുന്ന പ്രധാന ഘടകങ്ങള്‍. അര്‍ശസ്, അള്‍സര്‍, അമിതാര്‍ത്തവം ഇവ മൂലമുള്ള രക്തനഷ്ടം വിളര്‍ച്ചയ്ക്കും കടുത്ത ക്ഷീണത്തിനും ഇടയാക്കും. ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ഇരുമ്പിന്റെ അളവ് കുറഞ്ഞാലും വിളര്‍ച്ചയുണ്ടാകും.

കുട്ടികളില്‍ ആറുമാസംമുതല്‍ രണ്ടുവയസ്സുവരെ ഇരുമ്പിന്റെ ആവശ്യകത ഏറെയാണ്. സ്ത്രീകളില്‍ ആര്‍ത്തവം-ഗര്‍ഭം-മുലയൂട്ടല്‍ തുടങ്ങിയ ഘട്ടങ്ങളില്‍ ഇരുമ്പ് കൂടിയതോതില്‍ ഉണ്ടായെ തീരു. ഉദരരക്തസ്രാവത്തെത്തുടര്‍ന്നുള്ള രക്തനഷ്ടം കൂടുതലും പുരുഷന്മാരിലാണ്. വേണ്ടത്ര ശ്രദ്ധയും ചികിത്സയും ലഭിക്കാത്ത അവസരത്തില്‍ ഇത്തരം ഘടകങ്ങളെല്ലാം ക്ഷീണത്തിന്റെയും വിളര്‍ച്ചയുടെയും ലക്ഷണങ്ങള്‍ പ്രകടമാക്കും.

ഉണര്‍വുള്ള പകലിന് ശരിയായ ഉറക്കം കൂടിയേതീരു. നിദ്രാവൈകല്യങ്ങളും ഉറക്കക്കുറവും ക്ഷീണമുണ്ടാക്കും. ഉറക്കത്തിലെ ശ്വാസതടസ്സം നിദ്രാവൈകല്യങ്ങളില്‍ പ്രധാനമാണ്. പൊണ്ണത്തടി, തൈറോയ്ഡ്, പിറ്റ്യൂട്ടറി ഗ്രന്ഥികളുടെ പ്രവര്‍ത്തനക്കുറവ്, ഇവയും ശ്വാസതടസ്സമുണ്ടാക്കി ഉറക്കം നഷ്ടപ്പെടുത്തും. കുട്ടികളില്‍ ടോണ്‍സില്‍ഗ്രന്ഥികള്‍ വലുതായി തടസ്സമുണ്ടാക്കുന്നത് ഉറക്കത്തിന് ഭംഗംവരുത്തി ക്ഷീണത്തിനിടയാക്കും.