ഷംനയെയും മിയയെയും പരിചയപ്പെടുത്തി കൊടുക്കാൻ പ്രതികൾ ആവശ്യപ്പെട്ടു: ധർമജൻ

മിയ, ഷംനാ കാസിം എന്നിവരെ പരിചയപ്പെടുത്തി കൊടുക്കണമെന്ന് പറഞ്ഞ് പ്രതികൾ സമീപിച്ചിരുന്നതായി നടൻ ധർമജൻ ബോൾഗാട്ടി. സെലിബ്രിറ്റികളെ വച്ച് സ്വർണക്കടത്ത് നടത്താനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ ഈ പേരിൽ താനാരെയും വിളിച്ചിട്ടില്ലെന്നും ധർമ്മജൻ പറഞ്ഞു. ഷംനാ കാസിം ബ്ലാക്ക് മെയിലിംഗ് കേസിൽ വിവരശേഖരണത്തിനായി ധർമജനെ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷം പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ധർമജൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

ആനക്കള്ളൻ എന്ന ചിത്രത്തിൽ ഷംനയോടൊപ്പം താൻ അഭിനയിച്ചിരുന്നുവെന്നും ചിലപ്പോൾ ഈ പരിചയം വച്ചായിരിക്കാം ഷംനയെ പരിചയപ്പെടുത്തി കൊടുക്കാൻ പ്രതികൾ തന്നോട് ആവശ്യപ്പെട്ടതെന്ന് ധർമജൻ പറയുന്നു. ലോക്ക്ഡൗൺ സമയത്താണ് ഈ ആവശ്യവുമായി പ്രതികൾ ധർമജനെ സമീപിച്ചത്. അഷ്‌ക്കർ അലി എന്ന പേരുള്ള വ്യക്തിയാണ് ധർമജനെ വിളിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിലെ മുഖ്യപ്രതിയും ഹെയർ സ്റ്റൈലിസ്റ്റുമായ ഹാരിസ് സ്വർണക്കടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. രണ്് കോടി രൂപ വാഗ്ദാനം നൽകി ഹാരിസ് സ്വർണം കടത്താൻ നടൻ ധർമ്മജൻ ബോൾഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റാണ് കേസിലെ മുഖ്യപ്രതിയായ ഹാരിസ്. ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്.